ഫ്രാൻസിസ് മാര്‍പാപ്പ ഇന്തോനേഷ്യയില്‍;

ജക്കാർത്ത: ഫ്രാൻസിസ് മാർപാപ്പ നാല്പത്തഞ്ചാമത് അപ്പസ്തോലിക പര്യടനത്തിനു തുടക്കം കുറിച്ച്‌ ഇന്തോനേഷ്യയില്‍ വിമാനമിറങ്ങി.ജക്കാർത്തയിലെ വിമാനത്താവളത്തില്‍ ഇന്തോനേഷ്യൻ കുട്ടികള്‍ പച്ചക്കറി, പഴം, സുഗന്ധവ്യഞ്ജനം, പൂവ് എന്നിവകൊണ്ടു തീർത്ത ബൊക്കെ നല്കിയാണു മാർപാപ്പയെ സ്വീകരിച്ചത്.മാർപാപ്പയ്ക്ക് ഇന്നലെ ഔദ്യോഗിക പരിപാടികള്‍ ഉണ്ടാ യിരുന്നില്ല. തിങ്കളാഴ്ച റോമില്‍നിന്നു വിമാനം കയറിയ അദ്ദേഹം പതിമൂന്നു മണിക്കൂർ യാത്രയ്ക്കുശേഷമാണ് ഇന്നലെ രാവിലെ 11.19നു ജക്കാർത്തയിലെത്തിയത്.ഇന്ന് ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോഡോ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഔദ്യോഗിക സ്വീകരണം നല്കും. പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ നയതന്ത്ര പ്രതിനിധികള്‍ അടക്കമുള്ളവരുമായി കൂടിക്കാഴ്ച, അപ്പസ്തോലിക നുൻഷ്യേച്ചറില്‍ ഈശോസഭാംഗങ്ങളുമായി സ്വകാര്യ കൂടിക്കാഴ്ച, ജക്കാർത്തയിലെ സ്വർഗാരോപിത മാതാവിന്‍റെ കത്തീഡ്രലില്‍ മെത്രാന്മാരും പുരോഹിതരുമായി കൂടിക്കാഴ്ച തുടങ്ങിയവ ഇന്നത്തെ പരിപാടികളാണ്.ജക്കാർത്ത കത്തീഡ്രലുമായി തുരങ്കംവഴി ബന്ധമുള്ള ഇസ്തിഖ്‌ലാല്‍ മോസ്കില്‍ നാളെ നടക്കുന്ന മതാന്തര സംവാദത്തില്‍ മാർപാപ്പ സന്ദേശം നല്കും.12 ദിവസം നീളുന്ന പര്യടനത്തില്‍ ഇന്തോനേഷ്യക്കു പിന്നാലെ പാപ്പുവ ന്യൂഗിനിയ, കിഴക്കൻ ടിമൂർ, സിംഗപ്പൂർ രാജ്യങ്ങളും മാർപാപ്പ സന്ദർശിക്കും. മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനമാണിത്.

Sharing

Leave your comment

Your email address will not be published. Required fields are marked *