‘ഇനി പറയാൻ അവസരമുണ്ടാകുമോ എന്നറിയില്ല…’; പോലീസ് സമ്മേളന വേദിയില്‍ വികാരധീനനായി എഡിജിപി അജിത് കുമാര്‍
കോട്ടയം: പി.വി അൻവർ എംഎല്‍എയുടെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയില്‍ വികാരധീനനായി ആരോപണവിധേയനായ എഡിജിപി അജിത് കുമാർ.തന്നെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി നിർത്തിയേക്കുമെന്ന് സൂചന നല്‍കിയാണ് അദ്ദേഹം സംസാരിച്ചത്.29-ാം വർഷമായി താൻ പൊലീസില്‍ സേവനം ചെയ്യുന്നു. സിവില്‍ പോലീസ് ഓഫീസർ എന്ന പേര് താനാണ് കൊണ്ടു വന്നത്. പല മാറ്റങ്ങള്‍ക്കും കാരണക്കാരനായിട്ടുണ്ട്. പൊലീസുകാരൻ്റെ ജോലി എന്താണോ അത് ചെയ്യാറുണ്ട്. പൊലീസ് സേനക്ക് വേണ്ടി താൻ ചെയ്ത കാര്യങ്ങള്‍ പറയുന്നു. ഇനി അത് പറയാൻ അവസരം ഉണ്ടാകുമോ എന്ന് അറിയില്ലന്നും എ.ഡി.ജി.പി പറഞ്ഞു.എ.ഡി.ജി.പിക്കെതിരെ പി വി അൻവർ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ ഡിജിപി അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം പ്രസംഗിക്കുമ്പോഴാണ് ഇനി ഇങ്ങനെ പറയാൻ അവസരം ഉണ്ടായേക്കില്ലന്ന് അജിത് കുമാർ വ്യക്തമാക്കിയത്. സമ്മേളന വേദിയില്‍ പ്രസംഗിക്കവെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതും.