ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് തെക്കൻ ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ശ്രമിച്ചത് റോക്കറ്റ് ലോഞ്ചറുകള്‍ തകര്‍ക്കാൻ
ജറൂസലം: ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് തെക്കൻ ലബനാനിലെ നഗരങ്ങളില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍ സൈന്യം. ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചറിന് നേരെയാണ് ഇസ്രായേല്‍ വ്യോമസേന ബോംബ് ആക്രമണം നടത്തിയത്.ഇത് കൂടാതെ, ഫർചൗബയിലും ഷെബയിലും പീരങ്കി ആക്രമണം നടത്തിയതായും ഇസ്രായേല്‍ വ്യക്തമാക്കിയതായി അല്‍ ജസീറ റിപ്പോർട്ട് ചെയ്തു.ഞായറാഴ്ച തെക്കൻ ലബനനിലെ അയ്ത അല്‍ഷാബില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചറിന് നേരെയും ബൈത് ലിഫ്, തയ്ബ്, ഒഡെയ്സ എന്നിവിടങ്ങളിലെ കെട്ടിടങ്ങള്‍ക്ക് നേരെയും ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു.ആഗസ്റ്റ് 25ന് ഇസ്രായേലിലെ സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഹിസ്ബുല്ല കനത്ത ആക്രമണം നടത്തിയിരുന്നു. 11 ഇസ്രായേലി സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ 321 റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തുവിട്ടത്.ഒരു മാസം മുമ്പ് ബെയ്റൂത്തില്‍ വെച്ച് കമാൻഡറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയാണ് ഇസ്രായേലിന് ഹിസ്ബുല്ല നല്‍കിയത്. പകരം വീട്ടാൻ ലബനാനിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ചാല്‍ ഇനിയുള്ള തിരിച്ചടിയും ആ രീതിയിലാകുമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതേസമയം, ഹിസ്ബുല്ല ആക്രമണം ഇസ്രായേലില്‍ ഭീതി പരത്തി. മന്ത്രിമാരെയും ഉന്നത സൈനിക ഉദ്യോഗസ്ഥരെയും ബങ്കറുകളിലേക്ക് മാറ്റുകയും ചെയ്തു. കൂടാതെ, ഇസ്രായേല്‍ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.