വിവാഹദിവസം രാവിലെ വരൻ ജീവനൊടുക്കി; ദാരുണസംഭവം മലപ്പുറം കൊണ്ടോട്ടിയില്‍
കൊണ്ടോട്ടി (മലപ്പുറം): കരിപ്പൂരില്‍ വിവാഹദിവസം വരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കരിപ്പൂർ കുമ്മിണിപ്പറമ്ബ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ 7.30-ന് ജിബിനെ ശുചിമുറിയില്‍ കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ജിബിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. രാവിലെ കുളിക്കുന്നതിനായി ശുചിമുറിയില്‍ കയറിയതിന് ശേഷം ജിബിൻ വാതില്‍ തുറന്നിരുന്നില്ല. തുടർന്ന്, നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.ദുബായിലാണ് ജിബിൻ ജോലി ചെയ്യുന്നത്. നാട്ടിലെത്തിയിട്ട് നാലു ദിവസമേ ആയിട്ടുള്ളൂ. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)