പാവപ്പെട്ട സ്ത്രീകളെ നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റുന്നത് ഗുരുതരമായ കേസെന്ന് കര്‍ണാടക ഹൈക്കോടതി ; മുസ്ലീം യുവാവിന്റെ ജാമ്യാപേക്ഷ തള്ളി
ബെംഗളുരു ; യുവതിയെ തടവിലാക്കി പീഡിപ്പിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്ത യുവാവിന്റെ ജാമ്യാപേക്ഷ തള്ളി കർണാടക ഹൈക്കോടതി.ജോലി വാഗ്ദാനം ചെയ്താണ് യുവാവ് വിവാഹിതയായ സ്ത്രീയുമായി അടുത്തത് . പിന്നീട് യുവതിയെ ബെലഗാവിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്തു. മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചതായും യുവതി വ്യക്തമാക്കിയിരുന്നു.യുവാവിന്റെ കണ്ണ് വെട്ടിച്ച് രക്ഷപെട്ട യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി . അറസ്റ്റിലായ യുവാവ് കീഴ്‌ക്കോടതിയില്‍ സമർപ്പിച്ച ഹർജി തള്ളിയതിനെ തുടർന്നാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കുടുംബം മുന്നോട്ട് കൊണ്ടുപോകുന്ന കർഷകനാണ് പ്രതിയെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു വാദം.എന്നാല്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. ‘ . പ്രതിയില്‍ നിന്ന് രക്ഷപെട്ട് കുടുംബത്തോടൊപ്പം ചേരാനുള്ള ഇരയുടെ വ്യഗ്രത, അവള്‍ എത്രമാത്രം പീഡനത്തിന് വിധേയയായി എന്ന് സൂചിപ്പിക്കും. അതിനാല്‍, അവളുടെ മാനസിക നിലയും അവസ്ഥയും പരിഗണിച്ച്, പ്രതിയ്‌ക്ക് ജാമ്യം നല്‍കുന്നത് ഉചിതമല്ല.’ എന്നും കോടതി വ്യക്തമാക്കി.നിരപരാധികളും പാവപ്പെട്ടവരുമായ സ്ത്രീകളെ പ്രേരിപ്പിച്ച് നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്യുന്നത് ഗുരുതരമായ സംഭവമാണെന്നും അതിനാല്‍ ഇത്തരം മോശം സംഭവങ്ങള്‍ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന സന്ദേശം കോടതികള്‍ സമൂഹത്തിന് നല്‍കണമെന്നും കോടതി വ്യക്തമാക്കി.