‘അറുപതാമത്തെ വയസില്‍ കാൻസര്‍ വന്നത് അനുഗ്രഹമായി കാണുന്നു’; ലൈവ് ആയി കാര്‍ട്ടുണ്‍ വരച്ച് ഡോ. എസ്. സോമനാഥ്
കൊച്ചി: അറുപതാമത്തെ വയസില്‍ കാൻസർ ബാധിച്ചത് ഭാഗ്യമായാണ് കാണുന്നതെന്നും ശസ്ത്രക്രിയയ്ക്കായി എടുത്ത അവധിയല്ലാതെ കാൻസർ ജോലിയെ ബാധിക്കാൻ താൻ സമ്മതിച്ചിട്ടില്ലെന്നും ഐ.എസ്.ആർ.ഒ.ചെയർമാൻ ഡോ. എസ്. സോമനാഥ്. കൊച്ചി ദർബാർ ഹാളില്‍ നടക്കുന്ന ദേശീയ കാർട്ടൂണ്‍ മേള ‘കാരിടൂണി’ല്‍ കാണികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് അദ്ദേഹം തന്റെ കാൻസർ പോരാട്ടത്തെക്കുറിച്ച് സംസാരിച്ചത്.’കാൻസർ അത്രയ്ക്ക് ടെൻഷനും പ്രഷറും ഉണ്ടാക്കുന്ന കാര്യമാണോ? എനിക്ക് തോന്നുന്നില്ല. നിങ്ങള്‍ എന്നെങ്കിലും തിരുവനന്തപുരം ആർ.സി.സിയില്‍ പോവണം. അവിടെ ചെല്ലുമ്പോള്‍ അറിയാം, നമ്മളൊക്കെ എത്ര അനുഗ്രഹീതരാണെന്ന്. കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ നിരവധി പേർ കാൻസറിന്റെ ബുദ്ധിമുട്ടുകളും പേറി കഷ്ടപ്പെടുന്നത് കാണുമ്പോള്‍ നമ്മുടെ അനുഗ്രഹങ്ങളെക്കുറിച്ച് നമ്മള് ബോധവാന്മാരാകും. ഈ അറുപതാമത്തെ വയസില്‍ കാൻസർ വന്നത് അനുഗ്രഹമായിട്ടാണ് ഞാൻ കാണുന്നത്. ജീവിക്കേണ്ട സമയത്ത് സുഖമായി ജീവിച്ചിട്ട് അവസാന സമയത്ത് കാൻസർ കിട്ടിയതില്‍ എനിക്കൊരു പ്രശ്നവും തോന്നിയിട്ടില്ല. അത്ര നിസാരമായി അതിനെ നേരിടണമെന്നാണ് ഞാൻ കരുതിയിട്ടുള്ളത്. കാൻസറാണെന്ന് അറിഞ്ഞപ്പോഴും എനിക്ക് യാതൊരു ഭയവും ഉണ്ടായിട്ടില്ല. ശസ്ത്രക്രിയയ്ക്കായി അഞ്ച് ദിവസം അവധിയെടുത്തുവെന്നതല്ലാതെ ഓഫീസ് ജോലിപോലും ഞാൻ നിർത്തിവെച്ചിട്ടില്ല. അക്കാര്യത്തിലൊരു പ്രശ്നവും എനിക്ക് ഉണ്ടായിട്ടില്ല’, സോമനാഥ് പറഞ്ഞു.കാർട്ടൂണിസ്റ്റ് കൂടിയായ സോമനാഥിന് കാർട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വവും ചടങ്ങില്‍ നല്കി. തനിക്ക് കാർട്ടൂണുകളോടുള്ള സ്നേഹവും അഭിനിവേശവും തുടങ്ങിയത് സ്കൂള്‍ വിദ്യാർഥിയായിരിക്കുമ്ബോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന അരവിന്ദന്റെ ചെറിയ ലോകവും വലിയ മനുഷ്യരുമെന്ന കാർട്ടൂണ്‍ പരമ്പരകളില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. വേദിയില്‍വെച്ച് ലൈവായി അദ്ദേഹം കാർട്ടൂണ്‍ വരയ്ക്കുകയും ചെയ്തു.ആഗസ്റ്റ് 21 മുതല്‍ 25 വരെ കേരള കാർട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കേരള ലളിതകലാ അക്കാദമി, ചാവറ കള്‍ച്ചറല്‍ സെൻ്റർ എന്നിവയുടെ സഹകരണത്തോടെയാണ് കാർടൂണ്‍ നടക്കുന്നത്.