യുക്രൈനിലേക്കുള്ള മോദിയുടെ യാത്ര ട്രെയിൻ ഫോഴ്‌സ് വണ്ണില്‍ ; ആഡംബര ട്രെയിനില്‍ നേരത്തെ യാത്ര ചെയ്തിട്ടുള്ളത് അമേരിക്കയുടെയും ഫ്രാൻസിന്റെയും പ്രസിഡന്റുമാര്‍

കീവ് : യുക്രൈൻ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനമായ കീവിലേക്ക് എത്തുക രാജ്യത്തിന്റെ ആഡംബര ട്രെയിനില്‍.യുക്രേനിയൻ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകള്‍ അനുസരിച്ച്‌ പോളണ്ടില്‍ നിന്നും കീവിലേക്കുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ യാത്ര ഒരു ദിവസത്തോളം നീണ്ടു നില്‍ക്കുന്നതായിരിക്കും. ട്രെയിൻ ഫോഴ്‌സ് വണ്‍ എന്ന അത്യാഡംബര ട്രെയിൻ ആണ് യുക്രൈൻ മോദിയുടെ യാത്രയ്ക്കായി ഒരുക്കിയിട്ടുള്ളത്.നേരത്തെ യുക്രെയ്ൻ സന്ദർശിച്ചിട്ടുള്ള ലോക നേതാക്കളില്‍ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരാണ് മുൻപ് ട്രെയിൻ ഫോഴ്‌സ് വണ്ണില്‍ യാത്ര ചെയ്തിട്ടുള്ളത്. ജോലിക്കും വിശ്രമത്തിനും വേണ്ടി രൂപകല്‍പ്പന ചെയ്ത മരം കൊണ്ട് നിർമ്മിച്ച ആഡംബര ക്യാബിനുകളാണ് ഈ ട്രെയിനിലുള്ളത്. ദീർഘദൂര യാത്രയ്ക്കായി ഉപയോഗിക്കുന്നതിനാല്‍ വിശ്രമത്തിനുള്ള എല്ലാ സൗകര്യങ്ങളും ഈ ട്രെയിനില്‍ ലഭ്യമായിരിക്കും. അതോടൊപ്പം തന്നെ നിർണായക മീറ്റിങ്ങുകള്‍ നടത്തണമെങ്കില്‍ ആവശ്യമായ സൗകര്യങ്ങളും ട്രെയിൻ ക്യാബിനുകളില്‍ ഉണ്ട്. വലിയ കോണ്‍ഫറൻസ് ടേബിളുകള്‍, പ്ലഷ് സോഫകള്‍, വാള്‍ ടിവികള്‍ എന്നീ സൗകര്യങ്ങളും ഈ ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്.റഷ്യയില്‍ നിന്നും ഉയരുന്ന ഭീഷണികള്‍ക്കിടയിലും യുക്രൈനില്‍ റെയില്‍ ശൃംഖലകള്‍ സുഗമമായി പ്രവർത്തിക്കുന്നുണ്ട്.രാജ്യത്തിൻ്റെ വൈദ്യുത ശൃംഖലകള്‍ക്കും വൈദ്യുതി ഉല്‍പാദന സൗകര്യങ്ങള്‍ക്കും റഷ്യ വരുത്തിയ സാരമായ കേടുപാടുകള്‍ കാരണം യുക്രെയ്ൻ ഇലക്‌ട്രിക് ലോക്കോമോട്ടീവുകളില്‍ നിന്ന് ഡീസല്‍ എഞ്ചിനുകളിലേക്ക് മാറിയിട്ടുണ്ട് . യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി തൻ്റെ അന്താരാഷ്ട്ര നയതന്ത്ര യാത്രകള്‍ക്കായും റെയില്‍വേ ശൃംഖലയെ ആണ് ആശ്രയിക്കാറുള്ളത്.

Sharing

Leave your comment

Your email address will not be published. Required fields are marked *