ഒരാഴ്ചയായി ഒളിഞ്ഞും തെളിഞ്ഞും സാരഥി; എല്ലാം പെര്‍ഫെക്‌ട് ആണെന്ന് അധികൃതര്‍

ഡ്രൈവിങ് ലൈസൻസ് സേവനങ്ങള്‍ക്കുള്ള സാരഥി സോഫ്റ്റ്വേർ ഒരാഴ്ചയായി തകരാറിലായത് അപേക്ഷകരെ വലയ്ക്കുന്നു. പൊതുജനങ്ങള്‍ക്കുള്ള സിറ്റിസണ്‍ ലോഗിനാണ് പണിമുടക്കിയത്.ഭൂരിഭാഗം പേർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയുന്നില്ലെങ്കിലും സോഫ്റ്റ്വേറിന് സാങ്കേതികത്തകരാർ ഇല്ലെന്ന വിശദീകരണമാണ് അധികൃതർ നല്‍കുന്നത്.വെബ്സൈറ്റ് കിട്ടാത്തതിന്റെ കാരണം ഇന്റർനെറ്റ് സേവനദാതാക്കളുടെ പിഴവാണെന്നും അധികൃതർ വിശദീകരിച്ചിരുന്നു. ഇതേതുടർന്ന് ഇന്റർനെറ്റ് കണക്ഷൻ മാറ്റിയിട്ടും വെബ്സൈറ്റ് ലഭിക്കാത്ത സ്ഥിതിയാണ്. വെബ്സൈറ്റ് ലഭിക്കുന്നവർക്ക് അപേക്ഷ പൂർത്തീകരിക്കാൻ കഴിയില്ല.താലൂക്ക്, ഓഫീസ് എന്നിവ തിരഞ്ഞെടുക്കുമ്പോള്‍ വെബ്സൈറ്റ് പ്രവർത്തനരഹിതമാകും. നേരത്തെ സമർപ്പിച്ച അപേക്ഷകളില്‍ തിരുത്തല്‍ വരുത്താനോ, തുടർ നടപടികള്‍ സ്വീകരിക്കാനോ കഴിയാത്ത അവസ്ഥയുമുണ്ട്.എം.പരിവാഹൻ എന്ന മൊബൈല്‍ ആപ്പിലും ഡ്രൈവിങ് ലൈസൻസ് സേവനങ്ങള്‍ തടസ്സപ്പെട്ടിട്ടുണ്ട്. സാങ്കേതിക തകരാർ എന്താണെന്ന് കണ്ടെത്താൻ അധികൃതർക്ക് കഴിയാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *