
ലാറ്ററല്‍ എൻട്രിയില്‍ രാഹുലിന് പിന്നാലെ അഖിലേഷ് യാദവും; ‘രാജ്യത്തിനെതിരെയുള്ള വലിയ ഗൂഢാലോചന’;
ലക്‌നൗ: സ്വകാര്യ മേഖലയില്‍ നിന്ന് ഉദ്യോഗസ്ഥരെ ‘ലാറ്ററല്‍ എൻട്രി വഴി’ നിയമിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി(എസ്.പി) നേതാവ് അഖിലേഷ് യാദവ്.രാജ്യത്തിനെതിരെ നടക്കുന്ന വലിയ ഗൂഢാലോചനയാണിത്. പിന്നാക്ക വിഭാഗങ്ങളുടെ സംവരണം തട്ടിപ്പറിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് കേന്ദ്രസർക്കാറിന്റെ നീക്കമെന്നും അഖിലേഷ് പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധിയും ലാറ്റർ എൻട്രി തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു.’ബി.ജെ.പി ആശയവുമായി ബന്ധമുള്ളവരെ സര്‍ക്കാറിന്റെ ഉന്നത സ്ഥാനത്ത് ഇരുത്താനുള്ള നീക്കമാണിത്. യു.പി.എസ്.സിയെ കാഴ്ചക്കാരാക്കി നടത്തുന്ന നീക്കത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരണം. ജോലി തേടുന്ന യുവാക്കളെയും ഉയര്‍ന്ന സ്ഥാനത്ത് എത്താന്‍ ആഗ്രഹിക്കുന്നവരെയും ആശങ്കയിലാഴ്ത്തുന്നതാണിത്. സാധാരണക്കാര്‍ ക്ലര്‍ക്ക്, പ്യൂണ്‍ എന്നീ തസ്തികകളില്‍ മാത്രം ഒതുങ്ങുമെന്നും’ അഖിലേഷ് യാദവ് പറഞ്ഞു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചത്.രാജ്യതാല്‍പര്യത്തിന് എതിരായതിനാല്‍ കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഭരണഘടന ഇല്ലാതാക്കാനുള്ള ബി.ജെ.പിയുടെ കുതന്ത്രത്തിനെതിരെ രാജ്യത്തുടനീളമുള്ള പിന്നാക്ക വിഭാഗക്കാര്‍ ഉണർന്നുവെന്ന് ബി.ജെ.പി മനസ്സിലാക്കി. ഇപ്പോള്‍ മറ്റു കാരണങ്ങള്‍ പറഞ്ഞ്, ഉന്നത തസ്തികകളിലേക്ക് നേരിട്ട് റിക്രൂട്ട്മെൻ്റ് നടത്തി സംവരണം നിഷേധിക്കുകയാണ്. ദേശതാല്‍പ്പര്യത്തിന് എതിരായതിനാല്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും’ അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി പ്രത്യയശാസ്ത്രം പേറുന്നവരെ ജോലിക്കെടുക്കാനാണ് ശ്രമിക്കുന്നത്. സർക്കാരിന്റെ കൃപയാല്‍ ഉദ്യോഗസ്‌ഥരാകുന്ന ഇത്തരക്കാർക്ക് ഒരിക്കലും സത്യസന്ധത പുലര്‍ത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേന്ദ്രസര്‍ക്കാര്‍, ലാറ്ററല്‍ എൻട്രി പിൻവലിച്ചില്ലെങ്കില്‍ ഒക്‌ടോബർ 2 മുതല്‍ ആരംഭിക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തെ യുവാക്കളോടും ഉദ്യോഗസ്ഥരോടും അദ്ദേഹം അഭ്യർത്ഥിച്ചു.ജോയിൻ്റ് സെക്രട്ടറിമാർ, ഡയറക്ടർമാർ, ഡെപ്യൂട്ടി സെക്രട്ടറിമാർ എന്നിവരെ ലാറ്ററല്‍ എൻട്രി വഴി റിക്രൂട്ട് ചെയ്യുന്നതിനുള്ള വിജ്ഞാപനം യു.പി.എസ്.സി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഒന്നര ലക്ഷം മുതല്‍ 2.7 വരേയാണ് ശമ്ബളം.ആഭ്യന്തരം, ധനകാര്യം, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. സ്റ്റീല്‍ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ ക്ഷണിച്ചിരിക്കുന്നത്. ആഭ്യന്തരം, വിദ്യാഭ്യാസം, ഐ.ടി, കോര്‍പ്പറേറ്റ് അഫയേഴ്‌സ്, വിദേശകാര്യം, സ്റ്റീല്‍, ധനകാര്യം തുടങ്ങിയ വകുപ്പുകളിലേക്കാണ് ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരുടെ നിയമനം.പിന്നാലെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത് എത്തി. ഒ.ബി.സി, എസ്.സി, എസ്.ടി എന്നിവരുടെ സംവരണാവകാശങ്ങളെ തുരങ്കം വെക്കുന്നതാണ് തീരുമാനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാന വിമര്‍ശം. യു.പി.എസ്.സിക്ക് പകരം ആര്‍.എസ്.എസ്. വഴി ജീവനക്കാരെ നിയമിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്നായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശം. ഇത് ഭരണഘടനയ്ക്കുനേരെയുള്ള അതിക്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.