ശക്തമായ പ്രതിഷേധത്തെ മറികടന്ന് ന്യൂയോര്‍ക്കില്‍ അയോദ്ധ്യ രാം മന്ദിറിന്റെ ഫ്ളോട്ട്; മുസ്ളീം വിരുദ്ധമെന്ന് വിവിധ സംഘടനകള്‍
ന്യൂയോർക്ക്: യുഎസിലെ ന്യൂയോർക്ക് നഗരത്തില്‍ ഇന്നലെ നടന്ന ഇന്ത്യാദിന പരേഡിന്റെ ഭാഗമായി അയോദ്ധ്യ രാം മന്ദിർ ഫ്ളോട്ട് അവതരിപ്പിച്ചത് വിവാദമാകുന്നു.യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരവധി സംഘടനകളുടെ എതിർപ്പിനെ മറികടന്നാണ് രാം മന്ദിറിന്റെ ഫ്ളോട്ട് പരേഡില്‍ അവതരിപ്പിച്ചത്. അമേരിക്കയിലെ വിശ്വഹിന്ദു പരിഷത്ത് ആണ് ഫ്ളോട്ട് അണിയിച്ചൊരുക്കിയത്.ഫ്ളോട്ട് പൂമാലകള്‍കൊണ്ട് അലങ്കരിച്ചിരുന്നു. കൂടാതെ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് ചില പ്രവാസികള്‍ ഇന്ത്യൻ പതാകയേന്തി ഫ്ളോട്ടിനൊപ്പം നൃത്തം വയ്ക്കുന്നതും ചിത്രങ്ങളില്‍ കാണാം.രാം മന്ദിർ ഫ്ളോട്ട് പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്കുമുൻപ് തന്നെ പ്രതിഷേധം ഉയർന്നിരുന്നു. ക്ഷേത്രത്തിന്റെ ഫ്ളോട്ട് പ്രദർശിപ്പിക്കുന്നത് മുസ്ളീം വിരുദ്ധമാണെന്നും പരിപാടിയില്‍ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് ചില സംഘടനകള്‍ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ്, ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുല്‍ എന്നിവർക്ക് കത്ത് നല്‍കുകയും ചെയ്തു. അയോദ്ധ്യ രാം മന്ദിർ ബാബറി മസ്‌ജിദ് തകർത്തതിനെ മഹത്വപ്പെടുത്തുന്നുവെന്നും ഇത് മുസ്ളീം വിരുദ്ധമാണെന്നുമാണ് കത്തില്‍ ചൂണ്ടിക്കാട്ടിയത്. കൗണ്‍സില്‍ ഓണ്‍ അമേരിക്കൻ ഇസ്ളാമിക് റിലേഷൻസ്, ഇന്ത്യൻ അമേരിക്കൻ മുസ്ളീം കൗണ്‍സില്‍, ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ് എന്നീ സംഘടനകള്‍ കത്തില്‍ ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു.അതേസമയം, ഫ്ളോട്ട് ഹൈന്ദവ ആരാധനാലയത്തെ പ്രതിനിധീകരിക്കുന്നതും ഇന്ത്യയുടെയും ഹൈന്ദവ സമൂഹത്തിന്റെയും പ്രധാന ആരാധനാമൂർത്തിയെ മഹത്വപ്പെടുത്തുന്നതുമാണെന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ വിശദീകരണം. ഫ്ളോട്ട് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആവിഷ്‌കാരമാണെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനും പ്രതികരിച്ചു,പരേഡ് ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ പ്രതിനിധീകരിക്കുന്നുവെന്നാണ് ഇന്ത്യാദിന പരിപാടി സംഘടിപ്പിച്ച ഫെഡറേഷൻ ഒഫ് ഇന്ത്യൻ അസോസിയേഷൻസ് പറഞ്ഞത്. വിവിധ സമുദായങ്ങളില്‍ നിന്നുള്ള ഫ്ലോട്ടുകള്‍ അവതരിപ്പിക്കാറുണ്ടെന്നും സംഘടന വ്യക്തമാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ന്യൂയോർക്ക് സിറ്റി വാർഷിക പരേഡ് നടത്തുന്നത്.