പതിനഞ്ചു വര്‍ഷത്തിനിടെ നടന്നത് രണ്ടു ലക്ഷം ശൈശവ വിവാഹങ്ങള്‍; അമേരിക്കയിലെ 37 സംസ്ഥാനങ്ങളില്‍ ശൈശവ വിവാഹം നിയമവിധേയമെന്ന് റിപ്പോര്‍ട്ട്
അമേരിക്കയില്‍ ശൈശവ വിവാഹങ്ങള്‍ വൻതോതില്‍ നടക്കുന്നെന്ന് റിപ്പോർട്ട്. രാജ്യത്തെ 37 സംസ്ഥാനങ്ങളില്‍ ഇപ്പോഴും ശൈശവ വിവാഹം നിയമവിധേയമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.2000 -ത്തിനും 2015 -നും ഇടയില്‍ പ്രായപൂർത്തിയാകാത്ത രണ്ടു ലക്ഷം പേരുടെ വിവാഹമാണ് നടന്നത്.2017 -ലെ കണക്കനുസരിച്ച് 50 യുഎസ് സംസ്ഥാനങ്ങളിലും ബാലവിവാഹങ്ങള്‍ അനുവദനീയമാണെന്ന് അണ്‍ചെയിൻഡ് അറ്റ് ലാസ്റ്റ് (Unchained At Last) എന്ന സംഘടന ചൂണ്ടിക്കാട്ടുന്നു. നിർബന്ധിതവിവാഹങ്ങള്‍ അവസാനിപ്പിക്കാൻ പരിശ്രമിക്കുന്ന സംഘടനയാണ് അണ്‍ചെയിൻഡ് അറ്റ് ലാസ്റ്റ്. എന്നാല്‍, 2018 -ല്‍ ഡെലവെയറും ന്യൂജേഴ്‌സിയും ശൈശവവിവാഹം നിരോധിച്ചു. പിന്നീട്, അമേരിക്കൻ സമോവ, 2020 -ല്‍ യുഎസ് വിർജിൻ ഐലൻഡ്‌സ്, പെൻസില്‍വാനിയ, മിനസോട്ട, 2021-ല്‍ റോഡ് ഐലൻഡ്, ന്യൂയോർക്ക്, 2022-ല്‍ മസാച്യുസെറ്റ്‌സ്, വെർമോണ്ട്, 2023 -ല്‍ മിഷിഗണ്‍, 2024 -ല്‍ വാഷിംഗ്ടണ്‍, വിർജീനിയ, ന്യൂ ഹാംഷെയർ എന്നിവയും ശൈശവവിവാഹം നിയമവിരുദ്ധമാക്കി.
എന്നിരുന്നാലും, 37 സംസ്ഥാനങ്ങളില്‍ ശൈശവവിവാഹം നിയമവിധേയമായി തുടരുന്നു എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 2000 മുതല്‍ യുഎസില്‍ 10 വയസ്സ് പ്രായമുള്ള 200,000 -ത്തിലധികം കുട്ടികള്‍ വിവാഹിതരായതായി അണ്‍ചെയിൻഡിൻ്റെ ഗവേഷണം വെളിപ്പെടുത്തി. കൂടുതലും ചെറിയ പെണ്‍കുട്ടികളെ പ്രായപൂർത്തിയായ പുരുഷനുമായിട്ടാണ് വിവാഹം കഴിപ്പിക്കുന്നത്.അണ്‍ചെയിൻഡ് അറ്റ് ലാസ്റ്റ് പറയുന്നതനുസരിച്ച് പല യുഎസ് സംസ്ഥാനങ്ങളിലും കുട്ടികള്‍ നിയമപരമായി പ്രായപൂർത്തിയാകുന്ന പ്രായം 18 തന്നെയാണ്. അതിനാല്‍ തന്നെ പലപ്പോഴും കുട്ടികളെ മാതാപിതാക്കളുടെ തീരുമാനത്തിന് വിധേയമാക്കി വിവാഹം കഴിപ്പിക്കുകയാണ് ചെയ്യുന്നത്. ഇനിയഥവാ, ആ വിവാഹത്തില്‍ നിന്നും പുറത്ത് കടക്കാൻ ശ്രമിച്ചാലോ പ്രായക്കുറവ് കാരണം പല പ്രായോഗികമായ തടസങ്ങളും ഈ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടിയും വരും. എന്തിനേറെ പറയുന്നു, ഒരു രക്ഷാകർത്താവില്ലാതെ വിവാഹമോചനത്തിന് ചെല്ലാൻ പോലും ഈ കുട്ടികള്‍ക്ക് സാധിക്കില്ല.ശൈശവ വിവാഹത്തിന് ഇരയായവർ, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍, വലിയ പീഡനവും നിയമപരമായ ചൂഷണവും നേരിടുന്നുണ്ടെന്ന് സംഘടനകളും മറ്റ് അഭിഭാഷകരും പറയുന്നു. 2000-2018 കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശൈശവവിവാഹങ്ങള്‍ നടന്നത് ടെക്‌സാസിലാണ് (41,774). തൊട്ടുപിന്നാലെ കാലിഫോർണിയ, ഫ്ലോറിഡ, നെവാഡ, നോർത്ത് കരോലിന എന്നിവയാണ്. 171 കേസുകളുമായി റോഡ് ഐലൻഡിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്.