അമീബിക് മസ്‌തിഷ്‌കജ്വരം; ശ്രദ്ധിക്കേണം ഇക്കാര്യങ്ങള്‍
കേരളത്തില്‍ വിവിധയിടങ്ങളില്‍ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ നിലവില്‍ ചികിത്സയിലുള്ളത് എട്ടുപേരാണ്.നേരത്തെ, ആലപ്പുഴയിലും കോഴിക്കോടും മലപ്പുറത്തും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അമീബിക് മസ്‌തിഷ്‌കജ്വരത്തെ കുറിച്ച് കൂടുതല്‍ അറിയുകയും ശ്രദ്ധനല്‍കുകയും വേണം.രോഗകാരി അമീബപേര് സൂചിപ്പിക്കുന്നത് പോലെ ‘നെഗ്ലേറിയ ഫൗലേറി’ എന്ന അമീബിയയാണ് ഈ രോഗത്തിന് കാരണമായ രോഗാണു. വെള്ളത്തിലുള്ള ബാക്ടീരിയകളെയും മറ്റും ഭക്ഷിച്ച് ജീവിക്കുന്ന ഇവ നമുക്ക് ചുറ്റുമുള്ള ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ധാരാളമായുണ്ട്. അമീബ ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞ് അഞ്ച് ദിവസം മുതല്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നു.
സാധാരണ മസ്‌തിഷ്‌കജ്വരത്തിന്‍റെ ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെങ്കിലും രോഗകാരണം അമീബയാണെങ്കില്‍ അസുഖം മൂർഛിക്കുകയും ലക്ഷണങ്ങള്‍ തീവ്രമാകുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നു.തലച്ചോറിന് ചുറ്റുമുള്ള മെനിഞ്ചസ് എന്ന ആവരണത്തെ അമീബ ആക്രമിക്കുകയും തലച്ചോറില്‍ നീർവീക്കമുണ്ടാക്കുകയും ചെയ്യും. മൂക്കില്‍ നിന്നും നേരിട്ട് തലച്ചോറിലേക്ക് പോകുന്ന നാഡികള്‍ വഴിയാണ് അമീബ തലച്ചോറില്‍ എത്തുന്നത്. തലച്ചോറിലെ ചില രാസവസ്‌തുക്കള്‍ വളരെ വേഗം ഭക്ഷണമാക്കുന്നതിനാല്‍ ‘തലച്ചോർ തീനി അമീബകള്‍’ എന്നും ഇവ അറിയപ്പെടുന്നു.
പനി, തലവേദന, ഓക്കാനം, ഛർദ്ദി, ബോധം നഷ്ടപ്പെടുക, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്/വേദന, നടുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടർന്ന് അപസ്‌മാരം, ബോധക്ഷയം, പരസ്‌പരബന്ധം ഇല്ലാതെ സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ആരംഭത്തില്‍ത്തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടിയിട്ടും മരുന്ന് കഴിച്ചിട്ടും മാറാത്ത പനിയും മറ്റ് ലക്ഷണങ്ങളുമുണ്ടെങ്കില്‍ കൂടുതല്‍ വിദഗ്‌ധ ചികിത്സ തേടണം. ഈ ലക്ഷണങ്ങളുള്ളവർ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ അടുത്ത കാലത്ത് കുളിക്കുകയോ വെള്ളം മൂക്കില്‍ കയറാൻ ഇടയാകുകയോ ചെയ്‌തിട്ടുണ്ടെങ്കില്‍ അത് ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം.വൃത്തിയില്ലാത്ത കുളങ്ങള്‍/ജലാശയങ്ങള്‍, പാറയിടുക്കുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകള്‍ എന്നിവയില്‍ കുളിക്കുകയോ നീന്തുകയോ മുഖം കഴുകുകയോ ചെയ്യരുത്. നീന്തുമ്പോള്‍ വെള്ളം മൂക്കിലൂടെ അകത്തേക്ക് കടക്കാതിരിക്കുന്നതിനുള്ള മുൻകരുതലുകള്‍ എടുക്കണം. നോസ് പ്ലഗുകള്‍ ഉപയോഗിക്കുകയോ മൂക്കിലൂടെ വെള്ളം കടക്കാത്ത രീതിയില്‍ തല ഉയർത്തിപ്പിടിക്കുകയോ ചെയ്യുക.