
അംഗീകാരമില്ലാത്തെ കോളജുകളില്‍ പഠിച്ച 100ലേറെ മലയാളി നഴ്സുമാരുടെ ജീവിതം വഴിമുട്ടി; തട്ടിപ്പിനു പിന്നില്‍ ഏജൻസികളെന്ന് വിദ്യാര്‍ഥികള്‍
അംഗീകാരമില്ലാത്ത കോളജുകളില്‍ പഠിച്ച 100ലേറെ മലയാളി നഴ്സുമാരുടെ ജീവിതം വഴിമുട്ടി. കേരളത്തിലെ വിവിധ ജില്ലകളിലെ ഏജൻസികള്‍ മുഖേനയും നേരിട്ടും കർണാടകയിലെ ചില കോളജുകളില്‍ അഡ്മിഷൻ നേടിയ വിദ്യാർഥികളാണ് ദുരിതത്തിലായത്.2023 ഒക്ടോബറില്‍ അഡ്മിഷൻ നേടിയ വിദ്യാർഥികള്‍ ഒരു സെമസ്റ്റർ പഠനം പൂർത്തിയാക്കിയപ്പോഴാണ് കോളജിന് നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരമില്ലെന്ന് അറിയുന്നത്. നിശ്ചിത മാനദണ്ഡങ്ങള്‍ ഇല്ലാത്തതിനാല്‍ പല കോളജുകളുടെയും അംഗീകാരം ഐഎൻസി പിൻവലിച്ചിരുന്നു. ഇത് മറച്ചുവച്ചാണ് ചില ഏജൻസികള്‍ വിദ്യാർഥികളെ തട്ടിപ്പിനിരയാക്കിയത്.ഐഎൻസി അംഗീകാരമില്ലെന്നറിഞ്ഞതോടെ വിദ്യാർഥികള്‍ പഠനം നിർത്തി. നഴ്സിംഗ് പഠനം പാതിവഴിയില്‍ നിർത്തിയവർക്ക് സർട്ടിഫിക്കറ്റ് തിരികെ കിട്ടണമെങ്കില്‍, കോഴ്സിന്റെ മുഴുവൻ ഫീസും അടയ്ക്കണമെന്നാണ് കോളജ് അധികൃതർ പറയുന്നത്. പണവും സർട്ടിഫിക്കറ്റും തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാർഥികള്‍.സമാനസംഭവങ്ങള്‍ സംസ്ഥാനത്തു നിരവധിയുണ്ടായിട്ടുണ്ട്. മെഡിക്കല്‍, എൻജിനീയറിംഗ് സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒമ്പതു വർഷങ്ങള്‍ക്കു മുന്‍പ് കൊച്ചിയില്‍ ദമ്പതികള്‍ പിടിയിലായിരുന്നു. പനമ്പള്ളി നഗറില്‍ ആദിത്യ എന്ന പേരില്‍ കണ്‍സല്‍റ്റൻസി നടത്തിയിരുന്ന പത്തനംതിട്ട റാന്നി കരികുളം മുറിയില്‍ മാളിയേക്കല്‍ ജയേഷ് ജെ. കുമാര്‍, ഭാര്യ രാരി ജയേഷ് എന്നിവരാണ് അന്നു പിടിയിലായത്. ജയേഷിന്റെ പിതാവിനെയും സഹോദരീഭർത്താവിനെയും പോലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായ ഇവർക്കു മാസങ്ങള്‍ക്കു ശേഷമാണ് ഹൈക്കോടതിയില്‍നിന്നു ജാമ്യം ലഭിച്ചത്. കേസിന്റെ നടപടികള്‍ ഇപ്പോഴും തുടരുന്നതായാണ് റിപ്പോർട്ട്. രാരിയുടെ സഹോദരൻ എംബിബിഎസ് സീറ്റ് തട്ടിപ്പുകേസിലെ പ്രതിയാണ്.
ജാർഖണ്ഡില്‍ മെഡിക്കല്‍ കോളജ് തുടങ്ങുമെന്ന് വിശ്വസിപ്പിച്ച് ദമ്പതികള്‍ പലരില്‍നിന്നായി കോടികള്‍ വാങ്ങിയിരുന്നു. ദേശീയതലത്തിലെ പ്രമുഖനേതാക്കള്ക്കൊപ്പമുള്ള ചിത്രങ്ങള്‍ കാണിച്ചാണ് ഇവർ പണം വാങ്ങിയത്. എറണാകുളത്തെ യുവനേതാവിന്റെ സഹായം ഇവർക്കു ലഭിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ജയേഷും രാരിയും കുടുംബാംഗങ്ങളും ആഡംബരജീവിതം നയിക്കുകയായിരുന്നു. ഇടുക്കി ജില്ലയിലെ പീരുമേട് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ജയേഷിനു വസ്തുവകകളുണ്ട്.ഇപ്പോള്‍ ഇടുക്കി ജില്ലയില്‍ സ്വകാര്യ കോളജ് നടത്തുകയാണ് ജയേഷും രാരിയും. അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാതെയാണ് കോളജ് പ്രവർത്തിക്കുന്നത്. കുന്നിന്റെ മുകളില്‍ ഇരുമ്പ് കമ്പികളിലും തകരഷീറ്റിലുമാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കെട്ടിടം നിർമിച്ചിരിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ ആർക്കും മനസിലാകുന്ന കാര്യമാണ്. വൻ ഫീസ് വാങ്ങിയാണ് ഇവർ കോഴ്സ് നടത്തുന്നത്. കോളജില്‍ പഠിപ്പിക്കാൻ യോഗ്യതയുള്ള അധ്യാപകരും അവിടെയില്ലെന്നാണ് റിപ്പോർട്ട്. അവിടെ ചെന്നുപെടുന്ന വിദ്യാർഥികളെ കൊടിയ മാനസിക പീഡനത്തിനിരയാക്കുന്നതായും റിപ്പോർട്ടുകളുണ്ട്.ഇത്തരത്തില്‍ കേരളത്തില്‍ നിരവധി പേർ വിലസുന്നുണ്ട്. ഇത്തരക്കാരുടെ വലയില്‍ ചെന്നു ചാടാതിരിക്കാൻ രക്ഷിതാക്കളും വിദ്യാർഥികളും പ്രത്യേകം ശ്രദ്ധിക്കുക. ബംഗളൂരുവിലെ സംഭവമാണ് ഒടുവില്‍ പുറത്തുവന്നത്.