റഷ്യക്ക് വൻ തിരിച്ചടി, 28 ഗ്രാമങ്ങള്‍ യുക്രെയ്ൻ പിടിച്ചെടുത്തു; ഉചിതമായ മറുപടി നല്‍കുമെന്ന് പുടിൻ
മോസ്കോ: റഷ്യയിലെ കുർസ്ക് മേഖലയില്‍ 1000 ചതുരശ്ര കിലോമീറ്റർ പ്രദേശം യുക്രെയ്ൻ പിടിച്ചെടുത്തതായി യുക്രേനിയൻ ആർമി ചീഫ് ജനറല്‍ ഒലെക്സാണ്ടർ സിർസ്കി.28 ഗ്രാമങ്ങളുടെ നിയന്ത്രണമാണ് യുക്രെയ്ന്റെ കീഴിലാക്കിയത്. ഇവിടെയുള്ള 1,80,000 റഷ്യൻ പൗരൻമാർ കുടിയൊഴിഞ്ഞുപോയി.യുക്രെയ്ൻ പ്രസിഡൻറ് വൊളോദിമർ സെലെൻസ്കിയും സൈനികമേധാവിയും തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വെളിപ്പെടുത്തല്‍ നടത്തിയത്. ‘സ്ഥിതിഗതികള്‍ ഞങ്ങളുടെ നിയന്ത്രണത്തിലാണ്. സൈനികർ അവരുടെ ചുമതല നിറവേറ്റുന്നു’ -സെലെൻസ്കിയുടെ ഔദ്യോഗിക ടെലിഗ്രാം ചാനലില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ സൈനിക മേധാവി സിർസ്കി പറയുന്നു.ഏകദേശം ഒരാഴ്ചയോളം നീണ്ടുനിന്ന രൂക്ഷമായ പോരാട്ടത്തിനൊടുവിലാണ് റഷ്യയെ തോല്പിച്ച് മേഖലയുടെ നിയന്ത്രണം യുക്രെയ്ൻ കൈക്കലാക്കിയത്. 2022ല്‍ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് റഷ്യക്ക് ഇത്രവലിയ തിരിച്ചടി നേരിടുന്നത്.എന്നാല്‍, ഈ കടന്നുകയറ്റത്തിന് തക്കതായ മറുപടി നല്‍കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. ‘രാജ്യത്തിന്റെ തെക്കൻ മേഖലയിലെ യുക്രെയ്ൻ നുഴഞ്ഞുകയറ്റം അസ്ഥിരത പടർത്താനുള്ള ശ്രമത്തിന്റ ഭാഗമാണ്. ഇതിന് തക്കതായ മറുപടി അവർക്ക് ലഭിക്കും. ശത്രുക്കളെ നമ്മുടെ പ്രദേശങ്ങളില്‍ നിന്ന് പുറത്താക്കും’ -പുടിൻ പറഞ്ഞു. നുഴഞ്ഞുകയറ്റം തടയാൻ മേഖലയില്‍ കൂടുതല്‍ സൈന്യത്തെ റഷ്യ വിന്യസിച്ചതായി പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. അതേസമയം, യുക്രെയ്ൻ ആക്രമണത്തില്‍ 12 സിവിലിയന്മാർ കൊല്ലപ്പെടുകയും 1,21,000 ആളുകളെ ഒഴിപ്പിക്കുകയും ചെയ്തതായി മേഖല ഗവർണർ അറിയിച്ചു.
അതിനിടെ, യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ യുക്രെയ്നിലെ സപോറീഷ്യയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയത് സ്ഥിഗതികള്‍ ഗുരുതരമാക്കിയിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് ആണവ നിലയില്‍ തീപിടിത്തമുണ്ടായി. ഒന്നിലധികം സ്ഫോടനങ്ങള്‍ നടക്കുകയും കൂളിങ് ടവർ തകരുകയും പ്ലാന്റിന്റെ വടക്കൻ ഭാഗത്തുനിന്ന് ഇരുണ്ട പുക ഉയരുകയും ചെയ്തു.ആക്രമണത്തെ തുടർന്ന് യൂറോപ്പ് ആകമാനം ആശങ്കയിലാണ്. പ്ലാന്റിന് ചുറ്റും റേഡിയേഷൻ ഉണ്ടായിട്ടില്ലെന്ന് റഷ്യ നിയമിച്ച ഗവർണർ യെവ്ജെനി ബാലിറ്റ്സ്കി അറിയിച്ചു. ആണവ നിലയത്തില്‍ ആക്രമണം നടത്തിയത് റഷ്യയാണെന്ന് യുക്രെയ്ൻ ആരോപിച്ചു. എന്നാല്‍, തങ്ങളല്ല യുക്രെയ്ൻ തന്നെയാണ് ആക്രണം നടത്തിയതെന്ന് റഷ്യയും കുറ്റപ്പെടുത്തി.2022 മുതല്‍ റഷ്യയുടെ അധീനതയിലാണ് ഇവിടം. രണ്ട് വർഷത്തിലേറെയായി ഇവിടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നില്ല. യുക്രെയ്നിലെ ചെർണോബില്‍ ആണവ ദുരന്തത്തേക്കാള്‍ പതിന്മടങ്ങ് നശീകരണമാകും സപോറീഷ്യക്ക് ഗുരുതര കേടുപാടുകള്‍ സംഭവിച്ചാല്‍ ഉണ്ടാകുക.അതേസമയം, കഴിഞ്ഞ ദിവസം യുക്രെയ്ൻ തലസ്ഥാനമായ കിയവിന്റെ പ്രാന്തപ്രദേശമായ ബ്രോവറി ജില്ലയിലെ ജനവാസ മേഖലയില്‍ റഷ്യ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തില്‍ രണ്ടുപേർ കൊല്ലപ്പെട്ടു. കിയവ് ലക്ഷ്യമിട്ട് ഈ മാസം നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിതെന്ന് കിയവ് സിറ്റി സൈനിക ഭരണ മേധാവി സെർഹി പോപ്കോ പറഞ്ഞു.