യുക്രെയ്നിലെ ആണവ നിലയം ആക്രമണത്തില്‍ കത്തി; കടുത്ത ആശങ്കയിലായി യൂറോപ്പ്യന്‍ രാജ്യങ്ങള്‍
കീവ്: ലോകത്ത ഇറാന്-ഇസ്രായേല്‍ യുദ്ധത്തിന് കോപ്പുകൂട്ടവേ റഷ്യ – യുക്രെയ്ന് യുദ്ധവും കൂടുതല്‍ രൂക്ഷമായി. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ യുക്രെയ്നിലെ സപോറീഷ്യയില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതോടെ യൂറോപ്പ് മുഴുവന്‍ കടുത്ത ആശങ്കയിലാണ്.ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സപോറീഷ്യ ആണവ നിലയില്‍ തീപിടിത്തമുണ്ടായി. ഒന്നിലധികം സ്ഫോടനങ്ങളെത്തുടര്‍ന്ന് സപോറീഷ്യയിലെ കൂളിങ് ടവര്‍ തകരുകയും പ്ലാന്റിന്റെ വടക്കന്‍ ഭാഗത്തുനിന്ന് ഇരുണ്ട പുക ഉയരുകയും ചെയ്തു.ആക്രമണത്തെ തുടര്‍ന്ന് യൂറോപ്പ് ആകമാനം ആശങ്കയിലായിരിക്കുകയാണ്. പ്ലാന്റിന് ചുറ്റും റേഡിയേഷന് ഉണ്ടായിട്ടില്ലെന്ന് റഷ്യ നിയമിച്ച ഗവര്‍ണര്‍ യെവ്ജെനി ബാലിറ്റ്സ്കി അറിയിച്ചു. ആണവ നിലയത്തില്‍ ആക്രമണം നടത്തിയത് റഷ്യയാണെന്ന് യുക്രെയ്ന് ആരോപിച്ചു. എന്നാല്‍, തങ്ങളല്ല യുക്രെയ്ന് തന്നെയാണ് ആക്രണം നടത്തിയതെന്ന് റഷ്യയും കുറ്റപ്പെടുത്തി.2022 മുതല്‍ റഷ്യയുടെ അധീനതയിലാണ് ഇവിടം. രണ്ട് വര്‍ഷത്തിലേറെയായി ഇവിടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നില്ല. യുക്രെയ്നിലെ ചെര്‍ണോബില്‍ ആണവ ദുരന്തത്തേക്കാള്‍ പതിന്മടങ്ങ് നശീകരണമാകും സപോറീഷ്യക്ക് ഗുരുതര കേടുപാടുകള്‍ സംഭവിച്ചാല്‍ ഉണ്ടാകുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.അതേസമയം, കഴിഞ്ഞ ദിവസം യുക്രെയ്ന് തലസ്ഥാനമായ കീവിന്റെ പ്രാന്തപ്രദേശമായ ബ്രോവറി ജില്ലയിലെ ജനവാസ മേഖലയില്‍ റഷ്യ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. കീവ് ലക്ഷ്യമിട്ട് ഈ മാസം നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിതെന്ന് കീവ് സിറ്റി സൈനിക ഭരണ മേധാവി സെര്‍ഹി പോപ്കോ പറഞ്ഞു. റഷ്യയിലെ കുര്‍സ്കില്‍ യുക്രെയ്ന് നടത്തിയ കനത്ത ആക്രമണത്തിന്റെ തിരിച്ചടിയാണിതെന്ന് സംശയിക്കുന്നു.
യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സാപൊറീഷ്യ ഡ്നിപ്രോ നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. ഷെല്ലിങ് നേരത്തെയും നിലയത്തിനടുത്ത് നടന്നിട്ടുണ്ട്. ആറു റിയാക്ടറുകളുള്ള വമ്ബന്‍ ആണവനിലയമാണ് സാപൊറീഷ്യ. ഷെല്ലിങ് മൂലം സാപൊറീഷ്യയിലെ രണ്ട് കെട്ടിടങ്ങള്‍ക്ക് കേടുപാടുകളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ജല ട്രീറ്റ്മെന്റ് പ്ലാന്റുകള്‍, റിപ്പയര്‍ ഷോപ്പുകള്‍,പൈപ്പ് ലൈനുകള്‍ തുടങ്ങിയവ അടങ്ങിയതാണു നിലയം. ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയമായ സാപൊറീഷ്യയില്‍ ആക്രമണം നടത്തുന്നത് ആശങ്കാകരമാണെന്നാണ് രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ അഭിപ്രായം.യുക്രെയ്നില്‍ നടന്ന കുപ്രസിദ്ധമായ ആണവ ദുരന്തമാണ് ചേര്‍ണോബില്‍. 36 വര്‍ഷം മുന്‍പാണ് ഇതു സംഭവിച്ചത്. എന്നാല്‍ ചേര്‍ണോബില്‍ നിലയം പോലെ ഒരു പഴഞ്ചന്‍ രൂപകല്പനയല്ല സാപൊറീഷ്യയിലേത്. ഇന്നത്തെ കാലത്തിനനുസരിച്ചുള്ള പുതിയകാല സുരക്ഷാസൗകര്യങ്ങളെല്ലാം ഈ നിലയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിലയത്തിനുള്ളിലുണ്ടാകുന്ന സ്ഫോടനങ്ങളും മറ്റും ചെറുക്കാന്‍ സാപൊറീഷ്യയ്ക്ക് ശേഷിയുണ്ടെങ്കിലും യുദ്ധത്തിന്റെ ആക്രമണത്തെ നേരിടാന്‍ അതിനു കഴിയുമോയെന്ന ചോദ്യം ശക്തമാണ്. പാരിസ്ഥിതികമായി വലിയ ആശങ്ക ഉയര്‍ത്തുന്ന മറ്റൊരു കാര്യമാണ് ആണവ ഇന്ധന മാലിന്യങ്ങള്‍ വെള്ളത്തിനടിയില്‍ സൂക്ഷിക്കുന്ന ടാങ്കുകള്‍. ഷെല്ലിങ്ങിന്റെയോ വ്യോമാക്രമണത്തിന്റെയോ ഭാഗമായി ഇതില്‍ ആക്രമണം നടന്നാല്‍ മാലിന്യങ്ങള്‍ അന്തരീക്ഷത്തിലേക്ക് ഉയരുന്നതിനും വ്യാപര പരിസ്ഥിതി മലിനീകരണത്തിനും അതുവഴി വയ്ക്കും.നിലയത്തിലേക്കുള്ള ശിതീകരണ സംവിധാനങ്ങള്‍ക്ക് എന്തെങ്കിലും തകരാര്‍ സംഭവിക്കുന്നതും സ്ഫോടനത്തിനോ വികിരണചോര്‍ച്ചയ്ക്കോ വഴി വച്ചേക്കാം. 30000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള മേഖലയില്‍ കുഴപ്പങ്ങള്‍ സംഭവിച്ചേക്കാം. ചേര്‍ണോബിലില്‍ സംഭവിച്ചതിന്റെ 10 മടങ്ങ് തോതുള്ള നശീകരണമാകും ഇതിന്റെ ഫലം. 20 ലക്ഷം ചതുരശ്ര കിലോമീറ്ററോളം സ്ഥലം ആണവമാലിന്യം മൂലം ഉപയോഗശൂന്യമായി മാറാനും സാധ്യതയുണ്ട്.ലോകത്തെ ഏറ്റവും വലിയ ആണവ ദുരന്ത സ്മരണകള്‍ നിലനില്‍ക്കുന്നതാണ് യുക്രെയ്നിലെ ചേര്‍ണോബില്‍ ആണവ നിലയം. ഈ നിലയവും റഷ്യന്‍ സേനയുടെ മുന്നില്‍ കീഴ്പ്പെട്ടിരുന്നു. 4 പതിറ്റാണ്ട് മുന്‍പ് സംഭവിച്ച, ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തമായ ചേര്‍ണോബില്‍ സംഭവത്തിന്റെ അപകടകരമായ വിഷവസ്തുക്കള്‍ ഇന്നും വഹിക്കുന്ന സ്ഥലമാണ് ചേര്‍ണോബില്‍.യുക്രെയ്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായ റിപ്പബ്ലിക്കായി നിന്ന 1986ലാണു ചേര്‍ണോബില്‍ വിസ്ഫോടനം നടന്നത്. നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ നിന്നുയര്‍ന്ന ആണവ അവശിഷ്ടങ്ങളും വികിരണങ്ങളും തലമുറകളുടെ ആരോഗ്യത്തെ ബാധിച്ചു. ചേര്‍ണോബില്‍ മേഖലയിലെ ഭൂമി പോലും ആണവവസ്തുക്കളാല്‍ മലീമസമായി. ഇന്നും നൂറു ടണ്ണോളം ഭാരമുള്ള ആണവ അവശിഷ്ടങ്ങള്‍ റിയാക്ടര്‍ നിലനിന്നിരുന്ന മേഖലയിലുണ്ടെന്നാണു റിപ്പോര്‍ട്ട്.