യൂട്യൂബ് മുൻ സിഇഒ സൂസൻ അന്തരിച്ചു’ഗൂഗിള്‍ തുടങ്ങാൻ കാര്‍ഷെഡ്ഡ് വാടകയ്ക്ക് നല്‍കി,വളര്‍ത്തി വലുതാക്കി’;

യൂട്യൂബ് മുൻ സിഇഒ സൂസൻ വോജിസ്കി (56) അന്തരിച്ചു. ശ്വാസകോശ അർബുദം ബാധിച്ച്‌ രണ്ട് വർഷമായി ചികിത്സയിലായിരുന്നു.സൂസന്റെ ഭർത്താവ് ഡെന്നിസ് ട്രോപ്പറാണ് ഫെയ്സ്ബുക്കിലൂടെ മരണവിവരം പുറത്തുവിട്ടത്.അഗാധമായ ദുഃഖത്തോടെയാണ് സൂസൻ വോജിസ്കിയുടെ മരണ വാർത്ത ഞാൻ പങ്കുവെക്കുന്നത്. രണ്ട് വർഷക്കാലം ശ്വാസകോശ അർബുദവുമായി ജീവിച്ചതിന് ശേഷം എന്റെ പ്രിയപ്പെട്ട ഭാര്യയും ഞങ്ങളുടെ അഞ്ച് മക്കളുടെ അമ്മയും ഇന്ന് ഞങ്ങളെ വിട്ടുപോയി. സൂസൻ എന്റെ ഏറ്റവും നല്ല സുഹൃത്തും പങ്കാളിയും മാത്രമായിരുന്നില്ല, മിടുക്കിയും സ്നേഹനിധിയായ അമ്മയും അനേകമാളുകള്‍ക്ക് പ്രീയപ്പെട്ട സുഹൃത്തുമായിരുന്നു.ഞങ്ങളുടെ കുടുംബത്തിലും ലോകത്തിലും അവളുടെ സ്വാധീനം അളവറ്റതാണ്. ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു, പക്ഷേ ഞങ്ങള്‍ അവളോടൊപ്പം ചെലവഴിച്ച സമയത്തിന് നന്ദിയുള്ളവരാണ്. ട്രോപർ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.വോജിസ്കിയുടെ മരണത്തില്‍ അതീവ ദുഃഖമുണ്ടെന്ന് ഗൂഗിള്‍ മേധാവി സുന്ദർ പിച്ചൈ പ്രതികരിച്ചു. 2014 മുതല്‍ 2023 വരെ യൂട്യൂബിന്റെ സിഇഒ ആയിരുന്നു വോജിസ്കി.വോജിസ്കി ഗൂഗിളിന്റെ ചരിത്രത്തിലെ സുപ്രധാന വ്യക്തികളില്‍ ഒരാളായിരുന്നുവെന്നും മികച്ച വ്യക്തിയും, നേതാവും സുഹൃത്തുമായിരുന്നുവെന്നും പിച്ചൈ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

1968 ജൂലായ് അഞ്ചിനാണ് സൂസൻ വോജിസ്കിയുടെ ജനനം. 1998 ല്‍ തന്റെ ഗാരേജ് ഗൂഗിളിന്റെ സ്ഥാപകരായ ലാരി പേജിനും സെർഗേ ബ്രിന്നിനും വാടകയ്ക്ക് കൊടുത്തുകൊണ്ടാണ് വോജിസ്കിയും ഗൂഗിളും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. മാസം 1700 ഡോളറായിരുന്നു വാടക. അധികം വൈകാതെ ഗൂഗിളിന്റെ 16-ാമത് ജീവനക്കാരിയായി വോജിസ്കി മാറി. 1999 ല്‍ കമ്ബനിയുടെ ആദ്യ മാർക്കറ്റിങ് മാനേജറായും അവർ ചുമതലയേറ്റു.ഗൂഗിളിന്റെ പരസ്യ വ്യവസായം ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചവരില്‍ ഒരാളാണ് സൂസൻ വോജിസ്കി. കമ്ബനിയുടെ വലിയ വരുമാന സ്രോതസ്സായി മാറിയ ‘ആഡ് സെൻസ്’ എന്ന ആശയം അവരുടേതായിരുന്നു. 2006 ഗൂഗിളിന്റെ യൂട്യബ് ഏറ്റെടുക്കലിന് നേതൃത്വം നല്‍കിയത് വോജിസ്കിയാണ്. ആ നീക്കവും ഗൂഗിളിനെ സംബന്ധിച്ച്‌ സുപ്രധാനമായിരുന്നു. കമ്ബനിയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകളിലൊന്നാണ് ഇന്ന് യൂട്യൂബ്.2014 ല്‍ യൂട്യൂബ് മേധാവിയായി വോജിസ്കി ചുമതലയേറ്റതിന് ശേഷമാണ് പ്രതിമാസം 200 കോടി ഉപഭോക്താക്കളുണ്ടായിരുന്നത് 3000 കോടിയിലേറെയായി ഉയർന്നത്. 80 ഭാഷകളിലായി നൂറ് രാജ്യങ്ങളില്‍ യൂട്യൂബ് ലഭ്യമായി. യൂട്യൂബ് പ്രീമിയം, യൂട്യൂബ് ടിവി, യൂട്യൂബ് ഷോർട്സ് എന്നിവയും വോജിസ്കിയുടെ കാലത്ത് നടപ്പാക്കിയ ആശയങ്ങളായിരുന്നു. 2023 ഫെബ്രുവരിയിലാണ് വോജിസ്കി യൂട്യൂബിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞത്.

Sharing

Leave your comment

Your email address will not be published. Required fields are marked *