
‘മഴ പെയ്താല്‍ നേരം വെളുക്കുന്ന വരെ ഉറങ്ങാതെ കിടക്കും’; കവളപ്പാറയില്‍ നിന്ന് 74 കുടുംബങ്ങളെ ഇനിയും മാറ്റിപ്പാര്‍പ്പിച്ചില്ല
മലപ്പുറം: ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് അഞ്ച് വർഷത്തിനിപ്പുറവും കവളപ്പാറയില്‍ പുനരധിവാസം പൂർത്തിയായില്ല. ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന സ്ഥലത്തെ 74 കുടുംബങ്ങളെ ഇപ്പോഴും മാറ്റിപാർപ്പിച്ചിട്ടില്ല.കൃഷി നഷ്ടപെട്ടവർക്ക് പകരം ഭൂമിയും ലഭിച്ചില്ല.ഉരുള്‍പൊട്ടലുണ്ടായ മുത്തപ്പൻ കുന്നിന് തൊട്ട്താഴെ താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ ഉള്‍പ്പടെ മാറ്റി പാർപ്പിച്ചിട്ടില്ല. 128 കുടുംബങ്ങളെ മാറ്റിപാർപ്പിക്കണമെന്ന് ജിയോളജി വകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്. പക്ഷേ, മറ്റ് വഴികള്‍ ഇല്ലാത്തതിനാല്‍ 74 കുടുംബങ്ങള്‍ ഇപ്പോഴും ഇവിടെ തുടരുകയാണ്.മഴ പെയ്യുമ്പോള്‍ നേരം വെളുക്കുന്ന വരെ ഉറങ്ങാതെ കിടക്കുമെന്ന് ഇവിടുത്തെ കുടുംബങ്ങള്‍ പറയുന്നു.128 കുടുംബങ്ങള്‍ക്കാണ് സർക്കാർ സഹായം ലഭിച്ചത് . സന്നദ്ധ സംഘടനകളും, വ്യവസായ ഗ്രൂപ്പുകളുമായി 98 വീടുകള്‍ നല്‍കി . പൂർണ്ണമായും തകർന്ന വീടുകള്‍ പുനർനിർമ്മിച്ചു. 25 ഏക്കർ കൃഷിഭൂമി ഉപയോഗശൂന്യമായി. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കർഷകർക്ക് ഭൂമി നല്‍കിയിട്ടില്ല. പലരീതിയിലുള്ള വാഗ്ദാനങ്ങള്‍ ലഭിച്ചെങ്കിലും കവളപ്പാറക്കാര്‍ അതിജീവനത്തിനായി പോരാട്ടം തുടരുകയാണ്.