അന്താരാഷ്ട്ര കായിക കോടതിയില്‍ വിനേഷ് ഫോഗട്ടിനായി ഹാജരാകുന്നത് പ്രമുഖ സുപ്രിം കോടതി അഭിഭാഷകന്‍;

ഡല്‍ഹി: അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ ഇന്ന് അന്താരാഷ്ട്ര കായിക കോടതി പരിഗണിക്കുമ്പോള്‍ താരത്തിനായി ഹാജരാകുന്നത് സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ.ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ പ്രതിനിധീകരിച്ചാണ് വെള്ളിയാഴ്ച സാല്‍വെ കോടതിയിലെത്തുന്നത്.കേസില്‍ നിയമപരവും നടപടിക്രമപരവുമായ വശങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ സാല്‍വെയുടെ വൈദഗ്ധ്യം നിർണായകമാകും. മുന്‍ ഇന്ത്യന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയാണ് സാല്‍വെ. ഒളിമ്പിക്സ് ഗുസ്തിയില്‍ വെള്ളിമെഡല്‍ പങ്കിടണമെന്നാണ് താരത്തിന്‍റെ ആവശ്യം. ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരയോടെ വാദം തുടങ്ങും.

ഒളിമ്പിക്സ് 50 കിലോ ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഫൈനലില്‍ ഇടംപിടിച്ച വിനേഷ് ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെയായിരുന്നു നടപടി. പരിശോധനയില്‍ നൂറ് ഗ്രാം കൂടുതലാണ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലെ ആവേശം നിറഞ്ഞ സെമിയില്‍ ക്യൂബയുടെ യുസ്നെയ്‍ലിസ് ഗുസ്മന്‍ ലോപസിനെ പരാജയപ്പെടുത്തിയായിരുന്നു വിനേഷ് ഫോഗട്ടിന്‍റെ ഫൈനല്‍ പ്രവേശം. വമ്പന്‍ താരങ്ങളെയെല്ലാം മലര്‍ത്തിയടിച്ചുകൊണ്ടാണ് താരം ഇന്ത്യയുടെ അഭിമാനമായത്. ഫൈനലില്‍ അമേരിക്കയുടെ സാറ ആന്‍ ഹില്‍ഡര്‍ബ്രാന്‍റിനെ നേരിടാനിരിക്കെയാണ് താരം പുറത്താകുന്നത്.തുടര്‍ന്ന് കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സ്വപ്നങ്ങള്‍ തകർന്നുവെന്നും ഇനി മത്സരിക്കാനുള്ള കരുത്തില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും ഫോഗട്ട് എക്സില്‍ കുറിച്ചിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *