നമ്പര്‍ ഞെക്കിയാല്‍ മെഷീനുള്ളില്‍ നിന്നും അരി; ഇനി റേഷൻ കടയില്‍ ക്യൂ നില്‍ക്കണ്ട; രാജ്യത്തെ ആദ്യ ‘റൈസ് എടിഎം’ ഒഡിഷയില്‍
ഭുവനേശ്വർ: രാജ്യത്തെ ആദ്യ റൈസ് ഒഡീഷയിലെ ഭുവനേശ്വറില്‍. ഒഡീഷ ഭക്ഷ്യ വിതരണ ഉപഭോക്തൃ ക്ഷേമ മന്ത്രി കൃഷ്ണചന്ദ്ര പത്ര കഴിഞ്ഞ ദിവസം ‘റൈസ് എടിഎം’ ഉദ്ഘാടനം ചെയ്തു. ഭുവനേശ്വറിലെ മഞ്ചേശ്വറിലുള്ള ഒരു ഗോഡൗണിലാണ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. പൊതുവിതരണ സമ്പ്രദായത്തിലൂടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണം കാര്യക്ഷമമാക്കുന്നതിനായാണ് റൈസ് എടിഎമ്മുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.പരമ്പരാഗത പൊതുവിതരണ കേന്ദ്രങ്ങളില്‍ ഗുണഭോക്താക്കള്‍ ഭക്ഷ്യസാധനങ്ങള്‍ക്കായി നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കുന്നത് ഒഴിവാക്കുകയാണ് പുതിയ സംവിധാനം വഴി ലക്ഷ്യമിടുന്നത്. റേഷൻ കാർഡ് ഉടമകള്‍ക്ക് അവരുടെ റേഷൻ കാർഡ് നമ്പർ എടിഎമ്മിന്റെ ടച്ച്സ്ക്രീൻ ഡിസ്പ്ലേയില്‍ നല്കുമ്പോള് അരി ലഭിക്കും. ഇത്തരത്തില്‍ ഒരാള്‍ക്ക് 25 കിലോ അരി വരെ റൈസ് എടിഎം വഴി ലഭ്യമാകും. ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനങ്ങളും ഇതില്‍ ക്രമീകരിക്കാനാകും.റേഷൻ കടകളില്‍ നിന്നുള്ള സബ്സിഡി അരിയുടെ മോഷണവും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും സംബന്ധിച്ച പ്രശ്നങ്ങളെല്ലാം പുതിയ എടിഎം സംവിധാനത്തിലൂടെ ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിരിക്കുന്ന പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ക്ക് കൃത്യമായ തൂക്കത്തില്‍ അരി ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കും. ഇത് വിജയകരമായാല്‍ ഒഡീഷയിലെ 30 ജില്ലകളിലേക്ക് കൂടി റൈസ് എടിഎം വ്യാപിപ്പിക്കാനാണ് തീരുമാനം.