ഇസ്മാഈല്‍ ഹനിയ്യയുടെ പിൻഗാമിയായി യഹ്‍യ സിൻവാര്‍; ഹമാസിന്റെ പുതിയ തലവനെ തെരഞ്ഞെടുത്തു

ഗസ്സ സിറ്റി: ഹമാസിന്റെ രാഷ്‌ട്രീയകാര്യ സമിതി അധ്യക്ഷനായി യഹ്‍യ സിൻവാറിനെ തെരഞ്ഞെടുത്തു. കഴിഞ്ഞയാഴ്ച തെഹ്റാനില്‍ കൊല്ലപ്പെട്ട ഇസ്മാഈല്‍ ഹനിയ്യയുടെ പിൻഗാമിയായിട്ടാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്.ഗസ്സയില്‍ പ്രസ്ഥാനത്തെ നയിക്കുകയാണ് നിലവില്‍ സിൻവാർ. ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരൻ ഇദ്ദേഹമാണെന്നാണ് കരുതപ്പെടുന്നത്.2017ലാണ് സിൻവാർ ഗസ്സയിലെ ഹമാസിന്റെ തലപ്പത്തേക്ക് വരുന്നത്. 22 വർഷത്തോളം ഇസ്രായേല്‍ ജയിലിലായിരുന്ന ഇദ്ദേഹം 2011ല്‍ മോചിതനായി. ഹമാസിന്റെ സുരക്ഷാ സംവിധാനങ്ങളുടെ സ്ഥാപകരിലൊരാളാണ് സിൻവാർ.ജൂലൈ 31ന് തെഹ്‌റാനിലാണ് ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടത്. ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം തെഹ്‌റാനിലെത്തിയിരുന്നത്. ഇറാൻ സുരക്ഷാ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് അതീവ സുരക്ഷയുള്ള കെട്ടിടത്തില്‍ താമസിച്ചിരുന്ന ഹനിയ്യയെ വധിക്കാൻ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ് പദ്ധതി തയ്യാറാക്കിയത് എന്നാണ് റിപ്പോർട്ട്.ഹ്രസ്വദൂര പ്രൊജക്ടൈല്‍ ഉപയോഗിച്ചാണ് ഹനിയ്യയെ വധിച്ചതെന്ന് ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഹനിയ്യ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിന് പുറത്തുനിന്ന് ഏഴ് കിലോഗ്രാം സ്‌ഫോടകവസ്തുക്കളടങ്ങിയ ഷോർട്ട് റേഞ്ച് പ്രൊജക് ടൈല്‍ ഉപയോഗിച്ചാണ് ഹനിയ്യയെ കൊലപ്പെടുത്തിയതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡിനെ ഉദ്ധരിച്ച്‌ അല്‍ ജസീറ റിപ്പോർട്ട് ചെയ്തു.

Sharing

Leave your comment

Your email address will not be published. Required fields are marked *