യുഎഇക്കാർക്ക് മികച്ച നേട്ടം.. നാട്ടിലേക്ക് പണം അയച്ചോളൂ: ദിർഹവുമായുള്ള മൂല്യം ഇനിയും ഇടിഞ്ഞേക്കും
ദുബായ്: ഒരോ മാസവും ശമ്പളം കിട്ടുമ്പോള്‍ അതിന്റെ വലിയൊരു ഭാഗം നാട്ടിലേക്ക് അയക്കുന്നവരാണ് പ്രവാസി മലയാളികള്‍, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലുള്ളവർ. ഇത്തരത്തില്‍ അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം ലഭിക്കാന്‍ രൂപയുടെ മൂല്യത്തിലെ ഉയർച്ച താഴ്ചകള്‍ പ്രവാസികള്‍ നിരന്തരം ശ്രദ്ധിക്കാറുമുണ്ട്. മൂല്യം കുറയുന്ന സമയത്താണെങ്കില്‍ കടം വാങ്ങി അടക്കം നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുമുണ്ട്.
ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് മറ്റ് പല കാര്യത്തിലും തിരിച്ചടിയാണെങ്കിലും പ്രവാസികളെ സംബന്ധിച്ച് ഇത് നേരിയ ആശ്വാസം നല്‍കുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. യു എ ഇ ദിർഹവുമായുള്ള ഇന്ത്യയുടെ വിനിമയ നിരക്ക് ഓഗസ്റ്റില്‍ വീണ്ടും ഇടിഞ്ഞേക്കുമെന്നാണ് ചില വിലയിരുത്തലുകള്‍ വ്യക്തമാക്കുന്നത്. അതായത് പ്രവാസികള്‍ക്ക് ഈ മാസം പണം അയച്ചാല്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചേക്കും.
യുഎഇ ആസ്ഥാനമായുളള ഫോറിന്‍ കറന്‍സി എക്സ്ചേഞ്ചിന്‍റെ (ഫോറെക്സ്) കണക്കുക്കൂട്ടല്‍ അനുസരിച്ച് അടുത്ത ആഴ്ചകളിലും ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞേക്കുമെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. യൂഎസ് ഡോളറുമായുള്ള നിലവിലെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 84 രൂപ 15 പൈസയാണ്.ഒരു യു എ ഇ ദിർഹം ലഭിക്കണമെങ്കില്‍ ഇന്ന് 22 രൂപ 91 പൈസ നല്‍കണം. എന്നാല്‍ നാട്ടിലേക്ക് പണം അയക്കുമ്പോള്‍ ഒരു ദിർഹത്തിന് ചാർജുകള്‍ ഒഴിവാക്കി 22 രൂപ 7 പൈസ വരെ ലഭിക്കും. 43 ദിർഹം 91 ഫില്‍സ് നല്‍കിയാല്‍ ആയിരം ഇന്ത്യന്‍ രൂപ സ്വന്തമാക്കാന്‍ കഴിയും. അടുത്ത കാലത്ത് ലഭിച്ച ഏറ്റവും ഉയർന്ന നിരക്കുകളില്‍ ഒന്നാണ് ഇത്.മണി എക്സേഞ്ച് സ്ഥാപനങ്ങള്‍ മാറുമ്പോള്‍ നിരക്കില്‍ നേരിയ വ്യത്യാസമുണ്ടാകും. എങ്കിലും വലിയ തോതിലുള്ള ഏറ്റക്കുറച്ചിലുണ്ടാകില്ല. രൂപയുടെ മൂല്യം വീണ്ടും ഇടിയുകയാണെങ്കില്‍ ഒരു യു എ ഇ ദിർഹത്തിന് 22 രൂപ 83 പൈസവരെയെത്തിയേക്കുമെന്നും ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.
മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ ആദ്യ ബജറ്റിന് പിന്നാലെയാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയാന്‍ തുടങ്ങിയത്. ഓഹരി വിപണിയിലെ ഇടിവ് രൂപയേയും ബാധിക്കുകയായിരുന്നു. ഓഗസ്റ്റ് രണ്ടാം വാരവും മൂന്നാം വാരവും രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായേക്കാം. ഇന്ത്യന്‍ രൂപ തിരിച്ച് വരണമെങ്കില്‍ ഏറെ പണിപെടേണ്ടി വരും.
കഴിഞ്ഞ വർഷവും ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നെങ്കിലും ഇത്ര വലിയ ഇടിവുണ്ടായിരുന്നില്ല. യു എ ഇ ദിർഹവുമായി ഇന്ത്യന്‍ രൂപയുടെ മൂല്യമിടിയുന്നത് യുഎസ് ഡോളറുമായുളള മൂല്യമിടിവാണ് വ്യക്തമാക്കുന്നത്. അതായത് യു എ സ് ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ ഇടിവ് യു എ ഇ ദിർഹവുമായുള്ള വ്യാപാരത്തിലും പ്രതിഫലിക്കും. അതേസമയം, . മലയാളി പ്രവാസികൾ 2023ൽ നാട്ടിലേക്ക് അയച്ചത് 216893 കോടി രൂപയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 22 ലക്ഷം മലയാളികളാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്നത്. 2023ലെ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2018ലെ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടിൽ 85,092 കോടി രൂപയായിരുന്നു നാട്ടിലേക്കെത്തുന്ന ആകെ എൻആർഐ പണമായി കണ്ടെത്തിയിരുന്നെങ്കിൽ അഞ്ചു വർഷത്തിനിപ്പുറം അതിൽ 154.9 ശതമാനം വർധനവും കാണിക്കുന്നു. പ്രവാസികൾ അവരുടെ കേരളത്തിലെ വീടുകളിലേക്ക് അയക്കുന്ന പണത്തിലും ഗണ്യമായ വർധന 2023ൽ കാണിക്കുന്നുണ്ട്. 37,058 കോടി രൂപ അയച്ചതായാണു സർവേ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ എൻആർഐ നിക്ഷേപങ്ങളിൽ 21 ശതമാനം വിഹിതം കേരളത്തിന്റേതാണ്. 2019 മുതൽ ഈ കണക്കിൽ സ്ഥിരത കാണിക്കുന്നുമുണ്ട്.