എന്താണ് ബെയ്ലി പാലം, പ്രത്യേകത എന്താണ്? സിവിലിയൻ ആവശ്യത്തിന് ഇന്ത്യയില്‍ ആദ്യം നിര്‍മ്മിച്ചത് കേരളത്തില്‍;
കല്പറ്റ: ബെയ്ലി പാലം സജ്ജമാകുന്നതോടെ മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനത്തിന്റെ വേഗം കൂടും ഇന്നലെ രാത്രി ഏറെ വൈകിയും രക്ഷാപ്രവർത്തകർ ബെയിലി പാലത്തിന്റെ നിർമാണത്തില്‍ തന്നെയായിരുന്നു.മുണ്ടക്കൈയിലെ പാലം തകർന്നത് രക്ഷാപ്രവർത്തനത്തിന് വലിയ തരത്തിലുള്ള വെല്ലുവിളിയാണ് ഉയർത്തിയത്.ബെയ്സി പാലം പൂർത്തിയായാല്‍ രക്ഷാപ്രവർത്തനം അതിവേഗമാകും. പല അവസരങ്ങളിലും നമ്മള് ബെയ്ലി പാലം എന്ന് കേട്ടുകാണും. സൈന്യം ബെയ്ലി പാലം നിർമ്മിച്ച് രക്ഷാപ്രവർത്തനം നടത്തിയ വാർത്തകളും വായിച്ച് കാണും. എന്നാല്‍ എന്താണ് ബെയ്ലി പാലം എന്ന് അറിയാമോ?മുൻകൂട്ടി നിർമ്മിക്കപ്പെട്ട ഘടകങ്ങള്‍ കൂട്ടിയോജിപ്പിച്ച് എളുപ്പത്തില്‍ നിർമ്മിക്കാവുന്നതും എടുത്തുമാറ്റാവുന്ന തരത്തിലുള്ള താല്‍ക്കാലിക പാലമാണ് ബെയ്ലി പാലം. രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷുകാരാണ് ഈ ആശയം ആവിഷ്കരിച്ചത്. ബ്രിട്ടീഷ് സർക്കാരില്‍ ഉദ്യോഗസ്ഥനായിരുന്ന ഡോണാള്‍ഡ് ബെയ്ലിയുടെ ആശയമായിരുന്നു ഇത്.ഉരുക്കും തടിയുമാണ് പാലത്തിന്റെ പ്രധാന ഘടകങ്ങള്‍. താരതമ്യേന ഭാരക്കുറവുള്ള ഘടകങ്ങള്‍ നിർമ്മാണ സ്ഥലത്ത് ട്രക്കുകളില്‍ എത്തിക്കാൻ എളുപ്പമാണ്. അടിയന്തര ഘട്ടങ്ങളിലാണ് ഇവ പ്രയോജനപ്പെടുക. ചെറിയ വാഹനങ്ങള്‍ക്ക് പോകാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ നിർമ്മാണം.ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് ക്ലാസ് 40 ടണ്‍, ക്ലാസ് 70 ടണ്‍ വിഭാഗങ്ങളിലുള്ള പാലങ്ങളാണു സാധാരണ നിർമ്മിക്കുന്നത്.
അതേ സമയം ഇന്ത്യയില്‍ ആദ്യമായി സിവിലിയൻ ആവശ്യങ്ങള്‍ക്കായി ബെയ്ലി പാലം നിർമ്മിച്ചത് കേരളത്തിലാണ്. പമ്പ നദിക്ക് കുറുകെയായിരുന്നു ഈ പാലം. പത്തനംതിട്ടയിലെ റാന്നിയിലെ പമ്പ നദിക്ക് കുറെകെയുള്ള 36 വർഷം പഴക്കമുള്ള റാന്നി പാലം തകർന്നപ്പോഴാണ് പകരം താത്ക്കാലികമായി ബെയ്ലി പാലം നിർമിച്ചത്. 1996 നവംബർ എട്ടിനാണ് റാന്നിയില്‍ സൈന്യം ബെയ്ലി പാലം നിർമിച്ചത്.രാജ്യത്ത് ആദ്യമായി സൈനികാ ആവശ്യത്തിനായി ബെയ്ലി പാലം നിർമ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയില്‍ ആണ് ഈ പാലം നിർമ്മിച്ചത്. ഇതിന് 30 മീറ്റർ ( 98 അടി ) നീളമാണ് ഉണ്ടായിരുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 5,602 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ ആർമിയാണ് ഈ പാലം നിർമ്മിച്ചത് അതെ സമയം മുണ്ടക്കൈയില്‍ 190 അടിനീളത്തിലാണ് പാലം നിർമ്മിക്കുന്നത്. 24 ടണ്‍ ഭാരം വഹിക്കാൻ ശേഷിയുള്ള പാലം ആണിത്. നീളം കൂടതലായതിനാല്‍ മധ്യത്തില്‍ തൂണ് സ്ഥാപിച്ചാണ് പാലം നിർമിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും കണ്ണൂർ വിമാനത്താവളത്തില്‍ വിമാന വഴി എത്തിച്ച ട്രക്കുകളിലാണ് കൊണ്ടുവന്നത്. ഉച്ചയോടെ നിർമാണം പൂർത്തിയാകുമെന്നാണ് ലഭിക്കുന്ന വിവരം.