ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ്; M 80 ഇനി കളത്തിന് പുറത്ത്, എട്ട് ബൈക്കില്‍ എടുക്കണം;

ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍നിന്നും എം 80 ഔട്ടാകുന്നു. പുതിയ മോട്ടോർവാഹന ചട്ടങ്ങളനുസരിച്ച്‌ ടൂവീലർ ലൈസൻസ് എടുക്കാൻ ‘മോട്ടോർ സൈക്കിള്‍ വിത്ത് ഗിയർ’ വിഭാഗത്തില്‍ കാല്‍പാദം ഉപയോഗിച്ച്‌ പ്രവർത്തിക്കാവുന്ന ഗിയർ സംവിധാനമുള്ള ഇരുചക്ര വാഹനംതന്നെ വേണം.കൂടാതെ എൻജിൻ കപ്പാസിറ്റി 95 സി.സി. മുകളിലും വേണം.കഴിഞ്ഞ ദിവസം വരെ ഡ്രൈവിങ് സ്കൂളുകളില്‍ ഭൂരിഭാഗം പേരും ടെസ്റ്റിനായി ഹാൻഡിലില്‍ ഗിയർമാറ്റാൻ സംവിധാനമുള്ള എം 80 കളാണ് ഉപയോഗിച്ചത്. പുതിയ പരിഷ്കാരങ്ങള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ നടപ്പിലാക്കുന്നതോടെ 75 സി.സി. മാത്രം എൻജിൻ കപ്പാസിറ്റിയുള്ള എം. 80 പുറത്താകും. പകരം ടെസ്റ്റിന് ബൈക്കുകളാകും ഉപയോഗിക്കുക.എട്ട് മാതൃകയിലുള്ള കമ്പികള്‍ക്കിടയിലൂടെ ബൈക്ക് തിരിച്ചെടുക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. എം80 യില്‍ ഇത് താരതമ്യേനെ എളുപ്പമായിരുന്നു. ഇതുമൂലം ടൂവിലർ ലൈസൻസ് ടെസ്റ്റ് പാസാകുന്നവരുടെ എണ്ണം ചുരുങ്ങും.ചൊവ്വാഴ്ച കാക്കനാട്ടെ ഇരുചക്രവാഹന ടെസ്റ്റില്‍ 80 പേരില്‍ 51 പേർ വിജയിച്ചതായി മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ എ.ആർ. രാജേഷ് പറഞ്ഞു. എം 80 ഉപയോഗിച്ചുള്ള അവസാനത്തെ ടെസ്റ്റായതിനാല്‍ ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ ഇരുചക്ര വാഹനങ്ങള്‍ മാലയിട്ട് അലങ്കരിച്ചുമൊക്കെയാണ് എട്ടെടുക്കാൻ കൊണ്ടുവന്നത്.മോട്ടോർ സൈക്കിള്‍ വിത്ത് ഗിയർ എന്ന വിഭാഗത്തില്‍ ലൈസൻസ് ടെസ്റ്റിന് കാല്‍പ്പാദം ഉപയോഗിച്ച്‌ പ്രവർത്തിപ്പിക്കാവുന്ന ഗിയർ സംവിധാനമുള്ളതേ ഉപയോഗിക്കാവൂ എന്നാണ് ഡ്രൈവിങ് പരിഷ്കരണത്തിന്റെ ഭാഗമായി നിർദേശിച്ചിരുന്നത്. അതിനാല്‍ത്തന്നെ ഹാൻഡില്‍ ബാറില്‍ ഗിയർ പ്രവർത്തിപ്പിക്കുന്ന ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കാനാകില്ല. നിർദേശം നടപ്പാകുന്നതോടെ മോട്ടോർ സൈക്കിളുകള്‍ത്തന്നെ ഉപയോഗിക്കേണ്ടതായി വരും.നാലുചക്രവാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയർ/ ട്രാൻസ്മിഷൻ ഉള്ള വാഹനങ്ങളെയും ഇലക്‌ട്രിക് വാഹനങ്ങളെയും ഒഴിവാക്കും. കേന്ദ്ര മോട്ടോർ വാഹന ചട്ടപ്രകാരമുള്ള ഡ്രൈവിങ് ക്ഷമത പരിശോധിക്കുന്നതിന് ഇവ അപര്യാപ്തമാണെന്നു കണ്ടാണ് മാറ്റം. ഇത്തരം വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റിന് വിധേയരാകുന്നവർ മാനുവല്‍ ഗിയർ ഉള്ള വാഹനങ്ങള്‍ ഓടിക്കാൻ ശ്രമിക്കുന്നത് സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *