രക്ഷാപ്രവര്‍ത്തകര്‍ നിര്‍മിക്കുന്നത് 85 അടി നീളമുള്ള പാലം ; രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി ശക്തമായ മഴ;
കല്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനായി രക്ഷാപ്രവര്‍ത്തകര്‍ നിര്‍മിക്കുന്നത് 85 അടി നീളമുള്ള പാലം.മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പ് എത്തിയാണ് പാലം നിര്‍മ്മിക്കുന്നത്.ഹിറ്റാച്ചിയടക്കമുള്ള യന്ത്രങ്ങള്‍ എത്തിക്കാന്‍ ബെയ്‌ലി പാലം ആവശ്യമാണ്. വിമാനമാര്‍ഗ്ഗമായിരുന്നു പാലം നിര്‍മ്മിക്കാന്‍ ആവശ്യമായ സാധന സാമഗ്രികള്‍ എത്തിച്ചത്. അതേസമയം പ്രതികൂല കാലാവസ്ഥയും മറ്റ് സാങ്കേതിക തടസ്സങ്ങളും കാരണം പാലംപണി ഇന്നും പൂര്‍ത്തിയാകില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്. പ്രദേശത്ത് അതിശക്തമായ മഴയും പെയ്യുന്നുണ്ട്.സൈനികരും എന്‍ഡിആര്‍എഫും അഗ്‌നിരക്ഷാസേനയും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ നാല് സംഘങ്ങളിലായി 150 രക്ഷാപ്രവര്‍ത്തകരുണ്ട്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വീടുകള്‍ക്ക് മുകളില്‍ മണ്ണുവന്നു മൂടിയ നിലയിലാണ്. മരങ്ങളും വന്നടിഞ്ഞിരിക്കുകയാണ്. ഇവയെല്ലാം നീക്കം ചെയ്ത ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തേണ്ടത്.ചൂരൽമലയിലേക്ക് ബെയ്‍ലി പാലവുമായി സൈന്യം ഇന്നെത്തും വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയ്‍ലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം എത്തുന്നു. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ഇന്ന് രാവിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുക. 17 ട്രക്കുകളിലായി പാലം നിർമ്മാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിക്കും.