പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; യുഎഇയില്‍ ലോട്ടറി നിയമപരം! ആദ്യ ലൈസന്‍സ് ഈ കമ്ബനിക്ക്..!
അബുദാബി: യുഎഇയുടെ ആദ്യത്തെ ലൈസന്‍സുള്ള ലോട്ടറി പ്രവര്‍ത്തനം ഞായറാഴ്ച പ്രഖ്യാപിച്ചു. ദ ഗെയിം എല്‍എല്‍സിയാണ് യുഎഇ ഗെയിമിങ് അതോറിറ്റി രൂപീകൃതമായ ശേഷമുള്ള ആദ്യ ലൈസന്‍സ് സ്വന്തമാക്കിയിരിക്കുന്നത്.ഗെയിം ഡെവലപ്മെന്റ്, ലോട്ടറി ഓപറേഷന്‍സ്, ഗെയിമിങ്ങുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവയില്‍ വൈദഗ്ധ്യമുള്ള വാണിജ്യ ഗെയിമിങ് ഓപറേറ്ററാണ് ദ ഗെയിം എല്‍എല്‍സി.യുഎഇ ലോട്ടറിയെന്ന ബാനറിലാണ് യുഎഇയുടെ ആദ്യ അംഗീകൃത ലോട്ടറി പുറത്തെത്തിയിരിക്കുന്നത്. ലോട്ടറികള്‍ ഉള്‍പ്പെടെ എല്ലാ വാണിജ്യ ഗെയിമിംഗ് പ്രവര്‍ത്തനങ്ങളുടെയും ന്യായവും സുതാര്യതയും ഉറപ്പാക്കുന്നതിനാല്‍ അതിന്റെ നിയന്ത്രണ ചട്ടക്കൂട് ഉപഭോക്താക്കളെ സംരക്ഷിക്കുന്നുവെന്ന് ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. യുഎഇയിലെ ലൈസന്‍സില്ലാത്ത വാണിജ്യ ഗെയിമിംഗ് നിയമവിരുദ്ധമാണ്.അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അതിന്റെ വെബ്സൈറ്റില്‍ പറയുന്നതനുസരിച്ച് അത്യാധുനിക സാങ്കേതികവിദ്യയും സാംസ്‌കാരികമായി പ്രസക്തമായ ഗെയിമിംഗ് ഉല്‍പ്പന്നങ്ങളും സമന്വയിപ്പിക്കുന്നതായിരിക്കും തങ്ങളുടെ ലോട്ടറി എന്നാണ് അവകാശപ്പെടുന്നത്. ലോട്ടറിയെടുക്കുന്നവരുടെ താല്‍പര്യങ്ങളും സാമ്പത്തിക മുന്‍ഗണനകളും നിറവേറ്റുന്ന തരത്തിലാണ് ഓരോ ഗെയിമും രൂപകല്‍പന ചെയ്തിരിക്കുന്നത്.അതേസമയം ഗെയ്മിംഗ് രീതികളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറില്‍ ആണ് യുഎഇ ജനറല്‍ കമേഷ്യല്‍ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി രൂപീകരിച്ചത്. ഗെയിമിംഗ് അതോറിറ്റി രൂപീകൃതമായതിന് പിന്നാലെ മെഹ്‌സൂസ്, എമിറേറ്റ്‌സ് ഡ്രോ തുടങ്ങിയ ലോട്ടറികള്‍ രാജ്യത്ത് നിരോധിച്ചിരുന്നു. അബുദാബി ബിഗ് ടിക്കറ്റും താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു.
എന്നാല്‍ ഒരുമാസത്തിനുള്ളില്‍ പുനരാരംഭിച്ചു. മില്ലെനിയം മില്യനയേഴ്‌സ് നറുക്കെടുപ്പും നിലവില്‍ രാജ്യത്ത് നടക്കുന്നുണ്ട്. പ്രവാസികള്‍, പ്രത്യേകിച്ച് ഇന്ത്യാക്കാരാണ് യുഎഇയിലെ ഭാഗ്യാന്വേഷികളില്‍ മുന്‍ പന്തിയില്‍. പലപ്പോഴും ഭാഗ്യം തേടിയെത്തുന്നതും ഇന്ത്യക്കാരേയും മലയാളികളേയുമാണ്. അതേസമയം രാജ്യത്ത് സുരക്ഷിതവും സമ്ബന്നവുമായ വാണിജ്യ ഗെയിമിംഗ് അന്തരീക്ഷമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ജിസിജിആര്‍എ ചെയര്‍മാന്‍ ജിം മുറെന്‍ പറഞ്ഞു.ജിസിജിആര്‍എയുടെ അംഗീകാരമില്ലാതെ യുഎഇയില്‍ വാണിജ്യ ഗെയിമിംഗ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധവും കുറ്റവാളികളെ കഠിനമായ ശിക്ഷയ്ക്ക് വിധേയമാക്കുന്നതുമാണ്. ജിസിജിആര്‍എ ചട്ടക്കൂട് അനുസരിച്ച് ലൈസന്‍സില്ലാത്ത ഓപറേറ്റര്‍മാര്‍ വഴിയുള്ള ലോട്ടറിയില്‍ പങ്കെടുക്കുന്നതും നിയമവിരുദ്ധമാണ് എന്ന് അധികൃതര്‍ അറിയിച്ചു.അതേസമയം ജനപ്രിയ നറുക്കെടുപ്പായ മഹ്സൂസിന് പിന്നിലെ ടീം പുതിയ സംരംഭങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്ന് മാനേജിംഗ് ഓപ്പറേറ്റര്‍ എവിംഗ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ലൈസന്‍സുള്ള ലോട്ടറി ഓപ്പറേറ്ററായി ദി ഗെയിം എല്‍എല്‍സിയെ യുഎഇ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മഹ്‌സൂസ് ടീമിന്റെ പ്രഖ്യാപനം. ‘ഞങ്ങള്‍ക്ക് ദേശീയ ലോട്ടറി ലൈസന്‍സ് ലഭിച്ചിട്ടില്ലെങ്കിലും ആവേശകരമായ പുതിയ സംരംഭങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്,’ എവിംഗ്‌സ് പറഞ്ഞു.സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മഹ്സൂസും എമിറേറ്റ്സ് ഡ്രോയും ഈ വര്‍ഷം ആദ്യം പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. യുഎഇയുടെ ലൈസന്‍സുള്ള ഓപ്പറേറ്റര്‍ ആകാനുള്ള അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയതായി ഇരു കമ്പനികളും ഖലീജ് ടൈംസിനോട് വ്യക്തമാക്കിയിരുന്നു.