കശ്മീരില്‍ പാക് ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു: 4 സൈനികര്‍ക്ക് പരുക്കേറ്റു;

കശ്മീര്‍: കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപം സൈന്യവും പാക് സായുധ സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു.ഏറ്റുമുട്ടലില്‍ മേജറടക്കം 4 സൈനികര്‍ക്കു പരുക്കേറ്റതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റുമുട്ടലില്‍ ഒരു പാകിസ്ഥാന്‍ പൗരനെ സൈന്യം വധിച്ചു. കാര്‍ഗില്‍ വിജയ് ദിവസത്തില്‍ പാകിസ്ഥാന് ശക്തമായ ഭാഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി താക്കീതു നല്‍കിയതിനു പിന്നാലെയാണ് അതിര്‍ത്തി മേഖലയില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായത്.ശനിയാഴ്ച പുലര്‍ച്ചെ 2.30നാണു കുപ്വാരയിലെ മച്ചില്‍ സെക്ടറിലെ നിയന്ത്രണരേഖയിലെ (എല്‍ഒസി) കംകാരി പോസ്റ്റിന് സമീപം തീവ്രവാദികളെന്നു സംശയിക്കുന്നവരുടെ നീക്കം സൈന്യം കണ്ടെത്തിയത്. കീഴടങ്ങാന്‍ സൈന്യം മുന്നറിയിപ്പു നല്‍കിയെങ്കിലും ഇവര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും മേഖലയില്‍ പുരോഗമിക്കുകയാണ്. പരുക്കേറ്റ സൈനികരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയതായി സൈന്യം എക്സിലൂടെ അറിയിച്ചു.അതേസമയം നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സേനയ്ക്കെതിരായ ആക്രമണം നടത്തിയത് പാകിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബിഎടി) ആണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്‍ ഭീകരരും സായുധ കമാന്‍ഡോകളും അടങ്ങുന്ന സംഘമാണിത്. നിലവില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പാകിസ്ഥാന്‍ പൗരന്‍ ബിഎടി അംഗമാണെന്നാണ് നിഗമനം.

Sharing

Leave your comment

Your email address will not be published. Required fields are marked *