ഒന്നാമൻ സിംഗപ്പൂരായപ്പോള്‍ ഇന്ത്യയ്ക്ക് ലഭിച്ചത് 82-ാം സ്ഥാനം; പൗരന്മാര്‍ക്ക് ഇനി 58 രാജ്യങ്ങളില്‍ ടെൻഷനില്ലാതെ പറക്കാം

ന്യൂഡല്‍ഹി: ലോക രാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ ഏറ്റവും പുതിയ പട്ടിക പുറത്തുവിട്ട് ഹെൻലി പാസ്‌പോർട്ട് സൂചിക.ഇന്റർനാഷണല്‍ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (ഐഎടിഎ) പുറത്തുവിട്ട വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 82-ാമതാണ്. കൂടാതെ 58 രാജ്യങ്ങളിലേക്ക് ഇന്ത്യൻ പാസ്‌പോർട്ട് ഉടമകള്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ഇന്ത്യയുടെ നിലവിലെ സ്ഥാനം സെനഗല്‍, തജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ അടുത്തായാണ്.പട്ടിക അനുസരിച്ച്‌ ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുളളത് സിംഗപ്പൂരിനാണ്. 195 രാജ്യങ്ങളിലേക്ക് സിംഗപ്പൂർ പാസ്‌പോർട്ടുളളവർക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ജപ്പാനുമായി മത്സരിച്ച്‌ ഫ്രാൻസ്, ഇറ്റലി, ജർമ്മനി, സ്‌പെയിൻ എന്നീ രാജ്യങ്ങള്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഈ രാജ്യങ്ങളിലെ പാസ്‌പോർട്ടുളളവർക്ക് 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.അതേസമയം, ഓസ്ട്രിയ, ഫിൻലാൻഡ്, അയർലൻഡ്. ലക്‌സംബർഗ്, നെതർലൻഡ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുകള്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. 191 രാജ്യങ്ങളിലേക്ക് വിസയില്ലാതെ ഈ രാജ്യങ്ങളിലെ പാസ്‌പോർട്ടുളളവർക്ക് യാത്ര ചെയ്യാം. ന്യൂസിലാൻഡ്, നോർവേ, ബെല്‍ജിയം, ഡെൻമാർക്ക്,സ്വിറ്റ്സർലൻഡ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുകള്‍ പട്ടികയില്‍ നാലാം സ്ഥാനത്തും ഓസ്‌ട്രേലിയ, പോർച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു. പട്ടികയില്‍ അമേരിക്കയുടെ സ്ഥാനം എട്ടാമതാണ്. 186 രാജ്യങ്ങളിലേക്ക് അമേരിക്കൻ പാസ്‌പോർട്ടുളളവർക്ക് യാത്ര ചെയ്യാം.പട്ടികയില്‍ പാകിസ്ഥാൻ പാസ്‌പോർട്ടിന്റെ സ്ഥാനം 100-ാമതാണ്. 33 രാജ്യങ്ങളിലേക്ക് മാത്രമാണ് പാകിസ്ഥാൻ പാസ്‌പോർട്ടുളളവർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്നത്. അഫ്ഗാനിസ്ഥാൻ പാസ്‌പോർട്ടിന്റെ സ്ഥാനം പട്ടികയില്‍ എറ്റവും പിന്നിലാണ്.ഇന്ത്യയുടെ സ്ഥാനം 58 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യുന്നതിനോടൊപ്പം ഇന്ത്യൻ പാസ്‌പോർട്ടുളളവർക്ക് ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യാം.

Sharing

Leave your comment

Your email address will not be published. Required fields are marked *