നീറ്റ് പരീക്ഷ റദ്ദാക്കില്ല; പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നീറ്റില്‍ പുനഃപരീക്ഷ വേണ്ടെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. മെയ് അഞ്ചിന് നടന്ന നീറ്റ്-യുജി 2024 പരീക്ഷ റദ്ദാക്കിയാല്‍ അത് ഈ രാജ്യത്തെ 24 ലക്ഷം വിദ്യാർത്ഥികളുടെ അധ്വാനത്തെയാണ് ബാധിക്കുക.അതിനാല്‍ പനഃപരീക്ഷയെന്ന തീരുമാനം കൈക്കൊള്ളാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.പി പർദിവാല, മനോജ് മിശ്ര എന്നിവരാണ് നീറ്റുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിച്ചത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യവ്യാപക ക്രമക്കേട് നടന്നതായി തെളിയിക്കാൻ നിലവില്‍ സമർപ്പിക്കപ്പെട്ടിട്ടുള്ള തെളിവുകള്‍ പര്യാപ്തമല്ല. അതിനാല്‍ പുനഃപരീക്ഷയെന്ന ആവശ്യം അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.നീറ്റ് പരീക്ഷ റദ്ദാക്കുകയെന്ന തീരുമാനമെടുത്താല്‍ അത് 24 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കും. ജന്മനാടുകളില്‍ നിന്നും നൂറുക്കണക്കിന് കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പല വിദ്യാർത്ഥികളും പരീക്ഷാ സെന്ററുകളിലേക്ക് എത്തിയത്. പുനഃപരീക്ഷ പ്രഖ്യാപിച്ചാല്‍ അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും.മുഴുവൻ പരീക്ഷാ സംവിധാനവും കളങ്കപ്പെട്ടുവെന്ന നിഗമനത്തിലെത്താൻ നിലവിലെ സാഹചര്യത്തില്‍ ലഭ്യമായ തെളിവുകള്‍ക്ക് സാധിക്കില്ല. എന്നിരുന്നാലും കുറഞ്ഞത് രണ്ട് പരീക്ഷാ കേന്ദ്രങ്ങളിലെങ്കിലും ചോദ്യ പേപ്പർ ചോർച്ച നടന്നിട്ടുണ്ടെന്നത് അനിഷേധ്യമായ വസ്തുതയാണ്. ഝാർഖണ്ഡിലെ ഹസാരിബാഗ്, ബിഹാറിലെ പട്ന എന്നിവിടങ്ങളിലാണതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Sharing

Leave your comment

Your email address will not be published. Required fields are marked *