യു.എ.ഇയില്‍ പ്രതിഷേധം സംഘടിപ്പിച്ച 57 ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ജയില്‍ ശിക്ഷ;
ദുബായ് : രാജ്യത്ത് പ്രതിഷേധം സംഘടിപ്പിച്ച 57 ബംഗ്ലാദേശ് പൗരന്മാർക്കെതിരെ കടുത്ത നടപടിയുമായി യു.എ.ഇ കോടതി. ബംഗ്ലാദേശിലെ വിവാദ തൊഴില്‍ സംവരണ ഉത്തരവിനെതിരെയാണ് ഇവർ യു.എ.ഇയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.തെരുവുകളില്‍ കലാപാഹ്വാനം നടത്തിയതിന് മൂന്ന് പേരെ ജീവപര്യന്തം ശിക്ഷിച്ചു. 53 പേർക്ക് 10 വർഷവും ഒരാള്‍ക്ക് 11 വർഷവും വീതം തടവ് വിധിച്ചെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ശിക്ഷ പൂർത്തിയായാല്‍ ഇവരെ നാടുകടത്തും.വെള്ളിയാഴ്ചയാണ് ഇവർ അറസ്റ്റിലായത്. പ്രതികള്‍ യു.എ.ഇയിലെ തെരുവുകളില്‍ വലിയ തോതിലെ മാർച്ചുകള്‍ നടത്തി. ഇത് കലാപങ്ങള്‍ക്കും പൊതു – സ്വകാര്യ സ്വത്ത് അപകടപ്പെടുത്തുന്നതിലേക്കും നയിച്ചു. പൊലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ അവഗണിച്ചെന്നും അബുദാബി കോടതി വിധിച്ചു. യു.എ.ഇയിലെ ഏറ്റവും വലിയ മൂന്നാമത്തെ പ്രവാസി സമൂഹമാണ് ബംഗ്ലാദേശികള്‍. പ്രതിഷേധം സംഘടിപ്പിക്കുന്നവർക്കെതിരെ രാജ്യത്ത് കടുത്ത നടപടി സ്വീകരിക്കും.
ബംഗ്ലാദേശിലെ തൊഴില്‍ സംവരണ പ്രതിഷേധം രണ്ട് ദിവസത്തേക്ക് നിറുത്തിവച്ചതായി വിദ്യാർത്ഥി സംഘടനകള്‍ ഇന്നലെ അറിയിച്ചു. മരണം ഉയർന്നതിനാല്‍ ആണ് തീരുമാനം. കർഫ്യൂ പിൻവലിച്ച് ഇന്റർനെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. അതേ സമയം, വിവാദ സംവരണ ഉത്തരവ് ഞായറാഴ്ച സുപ്രീംകോടതി റദ്ദാക്കിയിരുന്നു.1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്ക് സർക്കാർ ജോലിയില്‍ 30 ശതമാനം സംവരണം പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് റദ്ദാക്കിയത്. പകരം ഈ വിഭാഗത്തിന് 5 ശതമാനം സംവരണം ആകാം.ഈ മാസം 15 മുതല്‍ 163 പേർ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. എന്നാല്‍ സർക്കാർ കണക്ക് സ്ഥിരീകരിച്ചിട്ടില്ല. പ്രതിപക്ഷ നേതാക്കള്‍ അടക്കം 532 പേർ അറസ്റ്റിലായി. വെള്ളിയാഴ്ച അർദ്ധരാത്രി മുതല്‍ കർഫ്യൂ തുടരുന്നുണ്ടെങ്കിലും ഇന്നലെയും ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി.