യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്നു ജോ ബൈഡൻ പിൻമാറി;
വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്നും പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ ജോ ബൈഡൻ പിൻമാറി.വാർത്താകുറിപ്പിലൂടെയാണ് പ്രഖ്യാപനം.തീരുമാനം രാജ്യത്തിന്റെയും ഡെമോക്രാറ്റിക് പാർട്ടിയുടെയും താത്പര്യം മുൻനിർത്തിയെന്നും ബൈഡൻ വ്യക്തമാക്കി. താൻ വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ കഠിനാധ്വാനം ചെയ്തവർക്ക് നന്ദിയെന്നും ബൈഡൻ എക്സില്‍ കുറിച്ചു. തീരുമാനത്തെ കുറിച്ച് ഈ ആഴ്ച വിശദമായി സംസാരിക്കുമെന്നും ബൈഡൻ അറിയിച്ചു.റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിനോട് ആദ്യ പ്രസിഡൻഷ്യല്‍ സംവാദത്തില്‍ പതറിയതോടെ ബൈഡൻ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. രാജ്യത്തിന്റെ പ്രസിഡന്റെന്ന നിലയിലുള്ള ചുമതലകളില്‍ ബാക്കിയുള്ള സമയം ശ്രദ്ധിക്കാനാണ് പദ്ധതിയെന്നും ബൈഡൻ കുറിപ്പില്‍ പറയുന്നു.നവംബറിലാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് കമല ഹാരിസിനെയാണ് പകരം ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മുതിർന്ന നേതാക്കള്‍ നിർദേശിച്ചിട്ടുള്ളത്. ബൈഡൻ വിജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് മുൻ പ്രസിഡന്റ് ബറാക് ഒബാമയും അഭിപ്രായപ്പെട്ടിരുന്നു.