റബര്‍ ഷീറ്റിന്റെ വിലയെ കടത്തിവെട്ടി ലാറ്റക്സ് വില കുതിക്കുന്നു, ഓരാഴ്ചയ്ക്കിടെ 30 രൂപ വര്‍ധിച്ചതോടെ കര്‍ഷകര്‍ അമ്ബരപ്പില്‍; ലാറ്റക്സിനു ലഭിക്കുന്നത് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വില
കോട്ടയം: റബര്‍ ഷീറ്റിന്റെ വിലയെ കടത്തിവെട്ടി ലാറ്റക്സ് വില കുതിക്കുന്നു. കര്‍ഷകര്‍ അമ്ബരപ്പില്‍. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ലാറ്റക്സിനും ഷീറ്റ് റബറിനും ഒട്ടുപാലിനും ഇപ്പോള്‍ ലഭിക്കുന്നത്.ഒരാഴ്ചയ്ക്കിടെ ലാറ്റക്സ് വില 30 രൂപയിലേറെ വര്‍ധിച്ച് ഇന്നലെ വില 235 രൂപയിലെത്തി. കര്‍ഷകര്‍ക്ക് 220-225 രൂപയേ ലഭിക്കുകയുള്ളൂവെങ്കിലും ഷീറ്റ് വിലയെ കടത്തിവെട്ടിയുള്ള ലാറ്റക്സ് വില വര്‍ധന വ്യാപാരികളെയും കര്‍ഷകരെയും അമ്ബരപ്പിക്കുകയാണ്.ക്ഷാമം രൂക്ഷമായതാണ് വില വര്‍ധനയ്ക്കു കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ഇന്നലെ അഞ്ചു രൂപയാണ് വര്‍ധിച്ചത്. മഴ തുടര്‍ന്നാല്‍ വില ആഴ്ചയവസാനം 250 രൂപയില്‍ എത്തിയാലും അത്ഭുതപ്പെടേണ്ടതില്ലെന്നു വ്യാപാരികള്‍ പറയുന്നു. ഇന്നലെ 209 രൂപയായിരുന്നു റബര്‍ വില. ഒട്ടുപാല് 145 രൂപ വരെ എത്തിയെങ്കിലും കര്‍ഷകര്‍ക്കു ലഭിക്കുന്നത് 130-132 രൂപ മാത്രമാണ്. ഷീറ്റിനേ അപേക്ഷിച്ച് പെട്ടെന്നു കുതിപ്പും കിതപ്പുമുണ്ടാകുന്നതിനാല് ഒരു വിഭാഗം കര്‍ഷകര്‍ ലാറ്റക്സ് വിപണിയോട് മുഖം തിരിച്ചിരുന്നു.എന്നാല്‍, തൊഴിലാളി ക്ഷാമം ഉള്‍പ്പെടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വില ഉയര്‍ന്നതോടെ ഇവരും ലാറ്റക്സ് ഉത്പാദനത്തിലേക്കു തിരിയുകയാണ്. ഗുണനിലവാരമുള്ള ഷീറ്റ് റബര്‍ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന് റബര്‍ ബോര്‍ഡ് നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് ലാറ്റക്സ് ആഭിമുഖ്യം വളരുന്നത്. ഷീറ്റാക്കുന്നതുമായി താരതമ്യം ചെയ്യുമ്ബോള്‍ അധ്വാനം പാതിയായി കുറയുമെന്നതും പാലിലേക്ക് തിരിയാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചു.തോട്ടങ്ങളിലെത്തി പാല് ശേഖരിക്കുന്ന കമ്ബനികള്‍ നാട്ടിന്‍പുറങ്ങളില്‍ ഉള്‍പ്പെടെ സജീവമായതും കര്‍ഷകരുടെ മനം മാറ്റത്തിന് കാരണമായി. നേരത്തെ അഞ്ചും ആറും വീപ്പകള്‍ നിറഞ്ഞ്, പല തവണ വിളിച്ചാലും ലാറ്റക്സ് എടുക്കാന്‍ വരാതിരുന്ന കമ്ബനിക്കാര്‍ ഇപ്പോള്‍ ഒരു വീപ്പ നിറയുമ്ബോഴേ ഓടിയെത്തുമെന്നു കര്‍ഷകര്‍ പറയുന്നു. അതേസമയം, പാല് വിലയില്‍ നിരന്തരം ചാഞ്ചാട്ടം സംഭവിക്കുന്നതിനാല്‍ ഉയര്‍ന്ന നിരക്ക് എത്രനാള്‍ തുടരുമെന്ന ആശങ്കയുമുണ്ട്.