സൗദി അറേബ്യ തുടങ്ങി; പിന്നാലെ യുഎഇ, ഇപ്പോള്‍ ഒമാന്‍… ഗള്‍ഫ് പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും
മസ്ക്കത്ത്: ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന പ്രദേശമാണ് ജിസിസി. ഗള്‍ഫിലെ ആറ് രാജ്യങ്ങളിലും മലയാളികള്‍ നിരവധിയാണ്.മിക്കവരും സാധാരണ ജോലിയില്‍ ഏര്‍പ്പെടുമ്ബോള്‍ പ്രൊഫഷണല്‍ ജോലി ചെയ്യുന്നവരും കുറവല്ല. സമീപകാലത്ത് ജിസിസി രാജ്യങ്ങള്‍ സ്വന്തം പൗരന്മാര്ക്ക് ജോലി ഉറപ്പാക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്.സൗദി അറേബ്യയാണ് ഇക്കാര്യത്തില്‍ ആദ്യ ചുവടുവച്ചത്. പിന്നാലെ യുഎഇയും കുവൈത്തുമെല്ലാം ശ്രമം തുടങ്ങി. ഇപ്പോള്‍ ഒമാനും സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കുന്ന പദ്ധതി വ്യാപിപ്പിക്കുകയാണ്. ഒമാന്‍ മന്ത്രി കഴിഞ്ഞ ദിവസം സ്വദേശിവല്‍ക്കരണം സംബന്ധിച്ച് വിശദീകരിച്ച കാര്യങ്ങള്‍ പ്രവാസ ലോകം സ്വപ്നം കാണുന്നവര്‍ അറിയേണ്ടതുതന്നെയാണ്…ജിസിസി രാജ്യങ്ങള്‍ സ്വദേശികള്‍ക്ക് ജോലി നല്കുമ്ബോള് രണ്ട് കാര്യങ്ങളാണ് സംഭവിക്കുക. നിലവില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും. പുതിയ അവസരങ്ങള്‍ പ്രവാസികള്‍ക്ക് മുമ്പിൽ സൃഷ്ടിക്കപ്പെടുകയുമില്ല. അടുത്ത വര്‍ഷം മുതല്‍ 2027 വരെയുള്ള കാലയളവില്‍ വിവിധ മേഖലകളിലെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമാക്കി മാറ്റാണ് ഒമാന്റെ തീരുമാനം.
ഒമാന്‍ ട്രാന്‍സ്പോര്‍ട്ട്, കമ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി എഞ്ചിനിയര്‍ സഈദ് ബിന്‍ ഹമൗദ് അല്‍ മഅവാലിയാണ് രാജ്യം നടപ്പാക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചത്. 2025 മുതല്‍ 2027 വരെയുള്ള മൂന്ന് വര്‍ഷമാണ് തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള കാലയളവ്. ഓരോ വര്‍ഷവും സ്വദേശിവല്‍ക്കരണം നടപ്പാക്കേണ്ട തോത് നിശ്ചയിച്ചിട്ടുണ്ട്. കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ അവലോകനം ചെയ്യും.
തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുക. ഒമാന്‍ വിഷന്‍ 2040 എന്ന പദ്ധതി നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതിലേക്ക് വേഗത്തില്‍ അടുക്കുന്നതിനാണ് തൊഴില്‍ രംഗത്തെ സ്വദേശിവല്‍ക്കരണം. ഗതാഗത, ലോജിസ്റ്റിക് രംഗത്ത് ഈ വര്‍ഷം 20 ശതമാനം സ്വദേശിവല്‍ക്കരണമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് 31 ശതമാനവും.പ്രൊഫഷണല്‍ ജോലികള്‍ പൂര്‍ണമായി സ്വദേശികള്‍ക്ക് നല്‍കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സ്വദേശികള്‍ക്ക് ജോലി പരിശീലനം നല്‍കുക, വിദഗ്ധ ജോലിക്ക് വേണ്ടി അവരെ പ്രാപ്തരാക്കുക തുടങ്ങിയ പദ്ധതിയും ആലോചനയിലുണ്ട്. സ്വദേശികളെ ജോലിയിലേക്ക് ആകര്‍ഷിക്കുന്നതിനും പദ്ധതിയൊരുക്കും. സ്വദേശികള്‍ കൂടുതല്‍ പേര് തൊഴില്‍രംഗത്ത് എത്തുന്നതോടെ പ്രവാസികള്‍ക്ക് ജോലി സാധ്യത കുറയും.