കോട്ടയത്ത് സിപിഎമ്മിനും ബിജെപിക്കും തിരിച്ചടി; കൂരോപ്പടയില്‍ എൻഡിഎ വോട്ടില്‍ കോണ്‍ഗ്രസിന് പഞ്ചായത്ത് പ്രസിഡന്റ്
കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കൂരോപ്പട പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. എൻ ഡി എ അംഗത്തിന്റെ പിന്തുണയില്‍ കോണ്‍ഗ്രസ് അംഗം നറുക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.അമ്പിളി മാത്യു ആണ് പുതിയ പ്രസിഡന്റ്. ബി ഡി ജെ എസ് അംഗം ആശ ബിനു ആണ് കോണ്‍ഗ്രസിന് വോട്ട് ചെയ്തത്.തുടർന്ന് യു ഡിഎഫിന് വോട്ട് ചെയ്ത പന്ത്രണ്ടാം വാർഡ് മെമ്പർ ആശ ബിനുവിനെ ബി ഡി ജെ എസ് പുറത്താക്കി. ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് എൻ പി സെൻ ആണ് നടപടി എടുത്തത്. എന്നാല്‍ കൂരോപ്പടയില്‍ എൻഡിഎ സഖ്യം അല്ല ഉണ്ടായതെന്ന് ചാണ്ടി ഉമ്മൻ എം എല്‍ എ പറഞ്ഞു. ബി ഡി ജെ എസ് അംഗം കോണ്‍ഗ്രസില്‍ ചേർന്നു. ഇത് തീരുമാനിച്ച ശേഷം ആണ് അവർ വോട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.17 അംഗ കൂരോപ്പട പഞ്ചായത്തില്‍ എല്‍ ഡി എഫിന് 7 അംഗങ്ങളും യു ഡി എഫിന് 6 അംഗങ്ങളും ആണ് ഉള്ളത്. ബിജെപിയ്ക്ക് മൂന്ന് അംഗങ്ങള്‍ ഉണ്ട്. എൻ ഡി എ അംഗം പിന്തുണച്ചതോടെ കക്ഷി നില തുല്യമായി. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസ് വിജയിച്ചത്. സിപിഎം അംഗം ഷീല ചെറിയാൻ ആയിരുന്നു പ്രസിഡന്റ്.