ചരിത്രം, മെസ്സിക്ക് 45ആം കിരീടം!! ലോകത്ത് ആരെക്കാളും അധികം
ലോകമെമ്ബാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് ഒരു ചരിത്ര മുഹൂർത്തം കൂടെ ലയണല്‍ മെസ്സി സമ്മാനിച്ചിരിക്കുകയാണ്. ഇന്ന് അമേരിക്കയില്‍ അർജന്റീനക്ക് ഒപ്പം കോപ അമേരിക്ക കിരീടം മെസ്സി ഉയർത്തിയതോടെ, അർജന്റീനിയൻ മാസ്റ്റർ ലയണല്‍ മെസ്സി ഫുട്ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കിരീടം നേടിയ ഫുട്ബോള്‍ താരമായുള്ള തന്റെ കസേര ഒന്നുകൂടെ ഉറപ്പിച്ചു.തന്റെ മുൻ സഹതാരം ഡാനി ആല്‍വസിനെ കഴിഞ്ഞ വർഷം ഇന്റർ മയാമിക്ക് ഒപ്പം കിരീടം നേടിയതോടെ മറികടന്നിരുന്ന മെസ്സി ഇന്ന് തന്റെ കിരീടങ്ങളുടെ എണ്ണം 45 ആക്കി ഉയർത്തി.
ഡാനി ആല്‍വസിന് 43 ട്രോഫികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഇന്നത്തെ മെസ്സിയുടെ അർജന്റീനക്ക് ഒപ്പമുള്ള നാലാം സീനിയർ കിരീടമായിരുന്നു. ബാഴ്സലോണയില്‍ ആണ് മെസ്സി തന്റെ കിരീടങ്ങളില്‍ ഭൂരിഭാഗവും നേടിയത്. ബാഴ്സലോണക്ക് ഒപ്പം 10 ലാലിഗ കിരീടങ്ങളും നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അടക്കം മുപ്പതിയഞ്ച് കിരീടങ്ങള്‍ മെസ്സി ബാഴ്സലോണയില്‍ നേടി. അർജന്റീനക്ക് ഒപ്പം 1 ലോകകപ്പും 2 കോപ അമേരിക്കയും ഒരു ഫൈനലിസിമ കിരീടവും നേടാൻ മെസ്സിക്ക് ആയി.