തിരഞ്ഞെടുപ്പ് യോഗത്തിനിടെ ട്രംപിന് വെടിയേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വാഷിംഗ്ടണ്‍ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് (78) വധശ്രമത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഗതിതന്നെ മാറ്റിയേക്കാവുന്ന വധശ്രമത്തില്‍ ട്രംപിന്റെ വലതു ചെവിയിലാണ് വെടിയേറ്റത്. അല്പം മാറിയിരുന്നെങ്കില്‍ തലച്ചോർ തുളയ്ക്കുമായിരുന്നു.ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ മൂന്നരയോടെ പെൻസില്‍വേനിയ സംസ്ഥാനത്തെ ബട്ലർ നഗരത്തില്‍ തിരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് അക്രമം. വേദിയില്‍ ട്രംപ് പ്രസംഗിക്കുമ്പോള്‍ കുറച്ചകലെയുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് തോമസ് മാത്യു ക്രൂക്ക്‌സ് (20) എന്ന യുവാവ് വെടിവയ്‌ക്കുകയായിരുന്നു. ഇയാളെ സുരക്ഷാസേന വെടിവച്ചുകൊന്നു. അക്രമിയുടെ വെടിവയ്പില്‍ മറ്റൊരാള്‍ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. പെൻസില്‍വേനിയയിലെ ബെഥേല്‍ പാർക് സ്വദേശിയായ അക്രമി റിപ്പബ്ലിക്കൻ അനുഭാവിയാണ്.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.വെടിയേറ്റ ഉടൻ വലതു ചെവി പൊത്തി ട്രംപ് പ്രസംഗപീഠത്തിന് പിന്നില്‍ കുനിഞ്ഞിരുന്നു. ചുറ്റിലും നിന്ന പ്രേക്ഷകരും ആത്മരക്ഷാർത്ഥം നിലത്തിരുന്നു. നിലവിളികള്‍ക്കിടെ സുരക്ഷാഭടന്മാർ വേദിയില്‍ ചാടിക്കയറി ട്രംപിനെ രക്ഷാവലയത്തിലാക്കി. താഴേക്കിറക്കുമ്ബോള്‍ ട്രംപ് മുഷ്ടി ചുരുട്ടി അണികളെ അഭിവാദ്യം ചെയ്‌തു. പിന്നീട് ന്യൂജഴ്സിയിലെ വസതിയിലേക്ക് പോയി.അമേരിക്കയുടെ സുരക്ഷാ സന്നാഹങ്ങളെല്ലാം വിഫലമായി. അക്രമി തോക്കുമായി കെട്ടിടത്തിന് മുകളില്‍ കയറി. അതീവ സുരക്ഷയുള്ള വേദിയില്‍ ട്രംപിനു നേരെ നാലു തവണ വെടിവച്ചു. ട്രംപ് മുൻപ്രസിഡന്റ് മാത്രമല്ല, പ്രസിഡൻഷ്യല്‍ സ്ഥാനാർത്ഥിയുമായത് സംഭവം ഗുരുതരമാക്കുന്നു. 1981ല്‍ പ്രസിഡന്റ് റൊണാള്‍ഡ് റെയ്ഗന് നേരെ നടന്ന വധശ്രമത്തിനു ശേഷം ഇത്തരം സംഭവം ആദ്യമാണ്.