എയര്‍ കേരള; വിമാന സര്‍വീസ് പ്രഖ്യാപിച്ച്‌ ദുബൈയിലെ മലയാളി വ്യവസായികള്‍

ദുബൈ: എയർ കേരള എന്ന പേരില്‍ വിമാന സർവീസ് പ്രഖ്യാപിച്ച്‌ ദുബൈയിലെ മലയാളി വ്യവസായികള്‍. സെറ്റ്ഫ്ലൈ ഏവിയേഷൻ വിമാനസർവിസിന് സിവില്‍ ഏവിയേഷൻ മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചതായി സംരംഭകർ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.ആഭ്യന്തര സർവിസ് തുടങ്ങുന്നതിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ എൻ.ഒ.സി ലഭിച്ചതെന്ന് ചെയർമാൻ അഫി അഹമ്മദ്, വൈസ്ചെയർമാൻ അയ്യൂബ് കല്ലട എന്നിവർ പറഞ്ഞു. തുടക്കത്തില്‍ ടയർ2, ടയർ3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവിസ് നടത്തുക. ഇതിനായി 3 എ.ടി.ആർ 72-600 വിമാനങ്ങങ്ങള്‍ ഉപയോഗിക്കുമെന്നും സംരംഭകർ പറഞ്ഞു.നിർമാതാക്കളില്‍ നിന്ന് വിമാനങ്ങള്‍ നേരിട്ട് സ്വന്തമാക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്. സ്ഥാപനത്തിലേക്ക് കേരളത്തില്‍ നിന്നുള്ള വ്യോമയാന മേഖലയില്‍ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക് സർവീസുകള്‍ വ്യാപിപ്പിക്കാനാണ് കമ്പ നിയുടെ പദ്ധതി. ഇത് മലയാളി പ്രവാസികള്‍ക്ക് നല്‍കുന്ന ഒരു സമ്മാനം കൂടിയാണ്. കമ്പനി സി.ഇ.ഒ ഉള്‍പ്പെടെ പ്രാധാന തസ്തികയിലേക്ക് ഉള്ളവരെ നിർദ്ദേശിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉചിതമായ സമയത്തു ഉണ്ടാവും.

25 വർഷത്തെ എയർലൈൻ ട്രാവല്‍ മേഖലയിലെ യാത്രയിലെ ഏറ്റവും വലിയ സ്വപ്നം കൂടിയാണ് ഇന്ന് യാഥാർഥ്യമായിട്ടുള്ളത്. ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാനകമ്പനി, പ്രവാസി തുടങ്ങുന്ന ഒരുവിമാനകമ്പനി എന്നിങ്ങനെ ഒട്ടനവധി പ്രത്യേകതകള്‍ ഇതിനുണ്ട്. എയർകേരള (airkerala.com) എന്ന ബ്രാൻഡിലാകും കമ്പനി സർവീസുകള്‍ നടത്തുകയെന്ന് അഫി അഹമ്മദ് പറഞ്ഞു. പ്രവാസികള്‍ ഉള്‍പ്പെടയുള്ള എല്ലാ മലയാളികളെയും ഇതിന്‍റെ ഭാഗമാക്കാൻ വേണ്ട കാര്യങ്ങള്‍ ആലോചനയിലാണെന്നും അഫി അഹമ്മദ് കൂട്ടിച്ചേർത്തു.കമ്പനി യാഥാർഥമാകുന്നതോടെ ആദ്യ വർഷം തന്നെ കേരളത്തില്‍ മാത്രം വ്യോമയാന മേഖലയില്‍ 350 ല്‍പരം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. ഒരു വർഷം മുൻപാണ് അഫി അഹമ്മദ് 1 മില്യണ്‍ ദിർഹം (ഏകദേശം 2 .2 കോടി രൂപ ) നല്‍കി Airkerala.com ഡൊമൈൻ സ്വന്തമാക്കിയത്. മെഹ്മാൻ ദുബൈ ഹോട്ടലില്‍ വെച്ച്‌ നടന്ന വാർത്ത സമ്മേളനത്തില്‍ സെറ്റ്ഫ്ളൈ ഏവിയേഷൻ ചെയർമാൻ അഫി അഹമ്മദ് യു.പി.സി, വൈസ് ചെയർമാൻ അയ്യൂബ് കല്ലട, കമ്പനി സെക്രട്ടറി ആഷിഖ് (ആഷിഖ് അസ്സോസിയേറ്റ്സ്), ജനറല്‍ മാനേജർ സഫീർ മഹമൂദ്, ലീഗല്‍ അഡ്വൈസർ ശിഹാബ് തങ്ങള്‍ (ദുബായ്)തുടങ്ങിയവർ സംബന്ധിച്ചു.

Sharing

Leave your comment

Your email address will not be published. Required fields are marked *