പോസ്റ്റ്മോര്‍ട്ടം ടേബിളിലെ മൃതദേഹങ്ങള്‍ കടിച്ചു കീറി തിന്നുന്ന തെരുവു നായ്ക്കള്‍; യു.പിയില്‍ നിന്നുള്ള നടുക്കുന്ന ദൃശ്യം പങ്കുവെച്ച് എക്സ് യൂസര്‍
ലഖ്നോ: ഉത്തർപ്രദേശില്‍ നിന്ന് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്ത്. സംസ്ഥാനത്ത് നടക്കുന്ന പല സംഭവങ്ങളും വാർത്തകളായി പുറത്തുവരാറുണ്ട്.ഝാൻസിയില്‍ പോസ്റ്റ്മോർട്ടം ടേബിളിലെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ തെരുവുനായ്ക്കള്‍ കീറി കടിച്ചു തിന്നുന്ന വിഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിഡിയോ കണ്ട് യു.പിയിലെ ആരോഗ്യ സംവിധാനങ്ങളെ വിമർശിച്ച സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടു.ഭീകര കാഴ്ചയെന്ന് വിശേഷിപ്പിച്ചാണ് ഒരു എക്സ് യൂസർ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘യു.പിയിലെ ഝാൻസിയിലെ പോസ്റ്റ്മോർട്ടം ടേബിളിലെ മനുഷ്യ മൃതദേഹങ്ങള്‍ തിന്നുന്ന തെരുവു നായ്ക്കള്‍. എന്നാല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ലജ്ജയില്ലാതെ തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ്. ഈ വിഡിയോ ഝാൻസിയില്‍ നിന്നുള്ളതല്ലെന്നാണ് അവർ പറയുന്നത്.’-എന്നാണ് എക്സ് യൂസർ വിഡിയോക്കു താഴെ എഴുതിയത്.
നായ്ക്കളെ തുരത്താൻ പോലും ശ്രദ്ധിക്കാത്ത കാഴ്ചക്കാരില്‍ ആരോ ആണ് വിഡിയോ പകർത്തിയത്. അതേസമയം, സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ ശോച്യാവസ്ഥ തുറന്നുകാട്ടാൻ വിഡിയോയിലൂടെ സാധിച്ചു. സംഭവത്തില്‍ ആരോഗ്യവകുപ്പിനെ പ്രതിചേർക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. പോസ്റ്റ്‌മോർട്ടം ടേബിളുകളിലെ മൃതദേഹങ്ങള്‍ പോലും സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും പലരും വിഡിയോക്ക് താഴെ കുറിച്ചു. ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളെ പോലും തെരുവുനായ്ക്കള്‍ കടിക്കാറുണ്ട്. യു.പിയിലെ ആശുപത്രിക്കിടക്കകളിലൂടെ എലികള്‍ ഓടിക്കളിക്കുന്ന വിഡിയോകളും മുമ്പ് പ്രചരിച്ചിരുന്നു.