ഭോലേ ബാബയെ കണ്ടെത്താൻ അന്വേഷണം ; ദുരന്തത്തില്‍ ചുമത്തിയത് നിസാര വകുപ്പുകള്‍
ലക്‌നൗ: ഹാഥ്റസ് ദുരന്തത്തില്‍ നാല് സംഘാടകരെ കസ്റ്റഡിയിലെടുത്തു. ഭോലെ ബാബയ്ക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജതമാക്കി.എഫ്.ഐ.ആറില്‍ നിസാര വകുപ്പുകള്‍ ചുമത്തിയതിനെതിരെ പ്രതിഷേധം ശക്തമാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അപകട സ്ഥലം സന്ദർശിക്കും.എഫ്.ഐ.ആറിലെ ലഘുവായ വകുപ്പുകള്‍ക്കെതിരെയാണ് വിമർശനം ശക്തമായിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയുടെ (ബി.എൻ.എസ്) 105, 110, 126(2), 223, 238 വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍. 80,000 പേർക്ക് അനുമതിയുള്ള ചടങ്ങില്‍ രണ്ടര ലക്ഷം ജനങ്ങളെ പങ്കെടുപ്പിച്ചതാണ് അപകടം ഉണ്ടാവാൻ കാരണമെന്നാണ് പറയുന്നത്.പക്ഷേ പൊലീസിനും സർക്കാരിനും ക്ലീൻ ചിറ്റ് നല്‍കിയാണ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്.
പരിപാടിയുടെ മുഖ്യ സംഘാടകരെ മാത്രം പ്രതിയാക്കി എഫ്.ഐ.ആര്‍ ഇട്ടത് ഭോലേ ബാബയെ സംരക്ഷിക്കാൻ ആണെന്ന വിമർശനം ഉയരുകയാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹാഥ്റസ് സന്ദർശിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.അതിനിടെ അപകടത്തില്‍ മരിച്ചവരുടെ പേര് വിവരങ്ങള്‍ ഉത്തർപ്രദേശ് സർക്കാർ പുറത്തുവിട്ടു. 110 സ്ത്രീകളും ഏഴ് കുട്ടികളും നാല് പുരുഷന്മാരും ഉള്‍പ്പെടെ 121 പേരാണ് മരിച്ചത്. ഭോലോ ബാബയുടെ ആശ്രമത്തില്‍ വീണ്ടും പൊലീസ് പരിശോധന നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായിട്ടില്ല.