ലോകകിരീടം ആഘോഷിക്കാൻ ഇന്ത്യയുടെ കിരീടത്തിലേക്ക് വരൂ; ടീംഇന്ത്യയെ ക്ഷണിച്ച് കശ്മീര്‍ ടൂറിസം ബോര്‍ഡ്
ട്വന്റി-20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കശ്മീരിലേക്ക് ക്ഷണിച്ച് ജമ്മു കശ്മീർ ടൂറിസം ബോർഡ്. വിശ്വവിജയം നേടിയതിന്റെ ബാക്കി ആഘോഷങ്ങള്‍ ഇന്ത്യയുടെ പറുദീസയില്‍ വെച്ച് നടത്താനാണ് കശ്മീർ ടൂറിസം ബോർഡ് ടീം ഇന്ത്യയെ കശ്മീരിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
‘ട്വന്റി-20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍. ആഘോഷങ്ങള്‍ തുടരാനായി ജേതാക്കളെ കശ്മീരിലേക്ക് ക്ഷണിക്കുന്നു. ഭാരതത്തിന്റെ കിരീടമായ കശ്മീരില്‍ നിങ്ങള്‍ക്ക് ആതിഥ്യമരുളാൻ ഞങ്ങള്‍ക്ക് അഭിമാനമേയുള്ളു…’ – കശ്മീർ ടൂറിസം ബോർഡ് എക്സില്‍ കുറിച്ചു.ശനിയാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടി20 ലോകകപ്പില്‍ മുത്തമിട്ടത് .ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് വിജയമാണിത്. 2007-ലാണ് ഇന്ത്യ ഇതിന് മുമ്പ് ടി20 ലോകകപ്പ് നേടിയത്.
ചരിത്രത്തിലെ ഏറ്റവും വലിയ സഞ്ചാരി പ്രവാഹത്തിന്റെ നിറവിലാണ് കശ്മീർ ഇപ്പോഴുള്ളത്. ഈ വർഷം ഇതുവരെ 13 ലക്ഷത്തോളം സഞ്ചാരികളാണ് കശ്മീരിലെത്തിയത്. ഇത് സർവകാല റെക്കോർഡാണ്. ശ്രീനഗർ, ഗുല്‍മാർഗ് എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ ജൂണ്‍ പകുതിവരെ ബുക്കിങ് കഴിഞ്ഞു. ക്രമസമാധാനനില മെച്ചപ്പെട്ടതാണ് സഞ്ചാരികളുടെ ഒഴുക്കിന് കാരണമെന്നാണ് വിലയിരുത്തല്‍. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ ഉയർന്നതാപനിലയും സഞ്ചാരി വരവിന് കാരണമായി. ഗുജറാത്ത്, തമിഴ്നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതല്‍ പേരെത്തിയത്. വർഷം 8000 കോടി രൂപയാണ് ടൂറിസത്തിലൂടെ കശ്മീരിലെത്തുന്നത്.