നീറ്റ്, കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കല്‍; പ്രക്ഷുബ്ധമായി പാര്‍ലമെന്റ്; പ്രതിപക്ഷം ഇറങ്ങിപ്പോയി
ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്താല്‍ പ്രക്ഷുബ്ധമായി പാർലമെന്റ്. നീറ്റ് പരീക്ഷാ വിവാദം, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ എന്നീ വിഷയങ്ങളാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്.കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തിനെതിരെ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രതിപക്ഷം പാർലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചു.നീറ്റ് പരീക്ഷാ വിവാദം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി. മാണിക്കം ടാഗോർ അടിയന്തര പ്രമേയത്തിന് അനുമതി തേടി. നീറ്റ് വിഷയം പ്രാധാന്യത്തോടെയാണ് പാർലമെന്റ് നോക്കിക്കാണുന്നതെന്ന സന്ദേശം രാജ്യത്തെ വിദ്യാർഥികള്‍ക്ക് നല്‍കേണ്ടതുണ്ടെന്നും അതിനാല്‍ നീറ്റ് വിഷയം ഒരു ദിവസമെടുത്ത് പ്രത്യേകമായി ചർച്ചചെയ്യണമെന്നും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എന്നാല്‍, രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ആദ്യം നടക്കട്ടെയെന്ന നിലപാടെടുത്ത സ്പീക്കർ, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.രാജ്യസഭയിലും നീറ്റ് തന്നെയായിരുന്നു ചൂടുപിടിച്ച വിഷയം. വിഷയത്തില്‍ 22 നോട്ടീസുകളാണ് പ്രതിപക്ഷം കൊണ്ടുവന്നത്. എന്നാല്‍, ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ ജഗ്ധീപ് ധൻകർ നോട്ടീസുകള്‍ തള്ളി. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കുമ്ബോള്‍ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. രാജ്യസഭയിലെ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗേയും സഭാധ്യക്ഷൻ ജഗ്ധീപ് ധൻകറും തമ്മിലുള്ള ശക്തമായ വാക്പോരിനും രാജ്യസഭ സാക്ഷ്യംവഹിച്ചു.
രാജ്യത്ത് നിലവില്‍വന്ന പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങളിന്മേല്‍ ചർച്ചവേണമെന്ന ആവശ്യവും ലോക്സഭയില്‍ പ്രതിപക്ഷം ഉയർത്തി. കോണ്‍ഗ്രസ് എം.പി. മനീഷ് തിവാരി വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പാർലമെന്റിലെ 146 ലോക്സഭാ, രാജ്യസഭാ എം.പിമാരെ സസ്പെൻഡ് ചെയ്തുകൊണ്ടാണ് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പാസാക്കിയതെന്ന് അദ്ദേഹം നോട്ടീസില്‍ ചൂണ്ടിക്കാട്ടി. സംയുക്ത പാർലമെന്ററി സമിതി നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം നോട്ടീസില്‍ ആവശ്യപ്പെട്ടു.തിങ്കളാഴ്ചത്തെ പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പാണ് ഇ.ഡിയും സി.ബി.ഐയും ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തിനെതിരെ ഇരുസഭകളിലേയും ഇന്ത്യ മുന്നണി എം.പിമാർ പാർലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചത്. പ്ലക്കാർഡുകളേന്തിയായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം. കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നത് അവസാനിപ്പിക്കുക, പ്രതിപക്ഷത്തെ ബഹുമാനിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിപക്ഷം മുഴക്കിയത്.