കേരളത്തിലെ അവസ്ഥ പരിതാപകരം;പച്ചക്കറി വില കുതിച്ചുയരുകയാണ്.
സംസ്ഥാനത്തും പച്ചക്കറി വില കുതിച്ചുയരുകയാണ്. ബീൻസ്, പാവയ്ക്ക, ഇഞ്ചി തുടങ്ങിയവയുടെ വില 100 രൂപ കടന്നിട്ടുണ്ട്. മാസങ്ങള്‍ക്ക് മുൻപ് 35 രൂപയുണ്ടായിരുന്ന തക്കാളിയുടെ വില 80ലെത്തി. വരും ദിവസങ്ങളിലും വിലവർദ്ധനവ് തുടരുമെന്നാണ് വിപണി നല്കുന്ന സൂചന. മത്സ്യത്തിനും മാംസത്തിനും വില കൂടിയതിന് പിന്നാലെ പച്ചക്കറിക്കും കുത്തനെ വില ഉയർന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിച്ചിട്ടുണ്ട്.പച്ചക്കറികള്‍ക്ക് രണ്ടാഴ്ച മുൻപ് ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയിലധികമാണ് ഇപ്പോഴത്തെ വില. രണ്ടാഴ്ച കൂടി വിലക്കയറ്റം ഉണ്ടാകും എന്ന വിലയിരുത്തലിലാണ് ഹോർട്ടിക്കോർപ്പും സർക്കാരും. ഉള്ളിയും ബീൻസുമടക്കം പച്ചക്കറികള്‍ക്ക് പത്ത് മുതല്‍ 25 രൂപ വരെ വില ഉയർന്നിട്ടുണ്ട്.
പച്ചക്കറിക്കൊപ്പം പലവ്യഞ്ജനങ്ങളുടെയും ധാന്യങ്ങളുടെയും വിലയും കേരളത്തില്‍ കുതിക്കുകയാണ്. തുവരപരിപ്പ് കിലോയ്ക്ക് 170 -190 രൂപ വരെ വിലയുണ്ട്, ചെറുപയർ 150, വൻപയർ 110, ഉഴുന്ന് പരിപ്പ് 150, ഗ്രീൻപീസ് 110, കടല 125 എന്നിങ്ങനെയാണ് നിലവിലെ വിലനിലവാരം. ട്രോളിംഗ് നിരോധനം കാരണം മത്സ്യവിലയും കുതിക്കുകയാണ്.