യൂറോ കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം
യൂറോപ്പിന്റെ രാജാക്കന്മാരെ തേടിയുള്ള പടയോട്ടമായ യൂറോ കപ്പ് ഫുട്ബാളിന് ഇന്ന് തുടക്കം. ഗണിച്ചും ഗുണിച്ചും പടയൊരുക്കി മൈതാനം നിറഞ്ഞാടാന്‍ പാകത്തിന് നിലയുറപ്പിച്ച യൂറോപ്പിന്റെ 24 കരുത്തരെയാണ് ആതിഥേയരായ ജര്‍മനി വരവേല്‍ക്കുന്നത്.മിനി ലോക കപ്പെന്ന ഖ്യാതിക്കു പുറമെ ലോക റാങ്കിങ്ങിലെ ആദ്യത്തെ 30ലെ 15 പേരടങ്ങുന്ന ടൂര്‍ണമെന്റെന്ന പ്രത്യേകതയും ഇത്തവണത്തെ യൂറോ കപ്പിനുണ്ട്. അതായത് മത്സരമൊന്ന് കടുക്കുമെന്ന് സാരം.കിരീടം നിലനിര്‍ത്താനൊരുങ്ങിയവരും പുതുതായി നേടാനൊരുങ്ങുന്നവരും പ്രവചനാതീതമായ നിലയില്‍ കരുത്തറിയിക്കാന്‍ സാധ്യതയുള്ളവരുമായ പോരാളികളാണ് യൂറോകപ്പിന്റെ പോരാട്ട വീര്യവും സൗന്ദര്യവും. ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30ന് ആതിഥേയരായ ജർമനി സ്കോട്ട്‍ലൻഡുമായി ഏറ്റുമുട്ടുന്നതോടെ ആവേശപ്പോരിന് തുടക്കമാകും. ഇന്ത്യൻ സമയം രാത്രി 12.30നും വൈകീട്ട് 6.30നും രാത്രി 9.30നുമാണ് മത്സരങ്ങള്‍.6 ഗ്രൂപ്പുകള്‍, 24 ടീം, 10 വേദികള്‍ .യോഗ്യത റൗണ്ട് കടന്നെത്തിയ 24 ടീമുകള്‍ ആറ് ഗ്രൂപ്പുകളിലായി പോരാടും. ഓരോ ഗ്രൂപ്പിലും നാലുവീതം ടീമുകളാണുള്ളത്.ഒരു ഗ്രൂപ്പില്‍നിന്ന് ആദ്യ രണ്ടു പേര്‍ക്കാണ് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തുള്ളത്. മൂന്നാം സ്ഥാനത്തുള്ള മികച്ച നാലു പേര്‍ക്കും യോഗ്യത നേടാം. ജര്‍മനിയിലെ 10 വേദികളിലായാണ് മത്സരങ്ങള്‍. മ്യൂണിക് ഫുട്ബാള്‍ അറീനയിലാണ് ഉദ്ഘാടന പോരാട്ടം. ബെര്‍ലിന്‍ ഫൈനല്‍ മത്സരത്തിനും വേദിയാകും.