നിര്‍ണായകമത്സരത്തില്‍ കാലിടറി കിവീസ്; 13 റണ്‍സ് ജയവുമായി വിൻഡീസ് സൂപ്പര്‍ എട്ടില്‍
ട്രിനിഡാഡ്: ട്വന്‍റി-20 ലോകകപ്പിലെ നിർണായക മത്സരത്തില്‍ വെസ്റ്റ് ഇൻഡീസിനെതിരേ അടിപതറി ന്യൂസിലൻഡ്. 13 റണ്‍സ് ജയത്തോടെ ആതിഥേയർ സൂപ്പർ എട്ടില്‍ കടന്നു.വിൻഡീസ് ഉയർത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിന് നിശ്ചിത ഓവറില്‍ ഒൻപതു വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.19 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ അല്‍സാരി ജോസഫും മൂന്നുവിക്കറ്റ് പിഴുത ഗുഡാകേഷ് മോട്ടിയുമാണ് കിവീസിനെ തകർത്തത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അഫ്ഗാന് മുന്നില്‍ പരാജയപ്പെട്ട കിവീസിന് ഇന്ന് ജയം അനിവാര്യമായിരുന്നു.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. 30 റണ്‍സിനിടെ ആദ്യ അഞ്ചു വിക്കറ്റുകളും നിലംപൊത്തി. ജോണ്‍സണ്‍ ചാള്‍സ് (ഒൻമ്പത്), ബ്രന്‍ഡന്‍ കിംഗ് (ഒൻമ്പത്), നിക്കോളാസ് പുരാന്‍ (17), റോസ്റ്റണ്‍ ചേസ് (പൂജ്യം), റോവ്മാന്‍ പവല്‍ (ഒന്ന്) എന്നിവരെല്ലാം നിരാശപ്പെടുത്തി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായികൊണ്ടിരുന്ന വിൻഡീസിനെ നൂറുകടത്തിയത്. ഷെഫാനെ റുഥർഫോർഡിന്‍റെ പോരാട്ടമാണ്. 39 പന്തില്‍ 68 റണ്‍സ് നേടിയ താരം പുറത്താകാതെ നിന്നു.അകെയ്ല്‍ ഹുസൈൻ (15), ആന്ദ്രേ റസല്‍ (15), റൊമാരിയോ ഷെപ്പേര്‍ഡ് (13), അല്‍സാരി ജോസഫ്(ആറ്) എന്നിവർ കാര്യമായ സംഭാവന നല്കാതെ മടങ്ങിയതോടെ വിൻഡീസ് സ്കോർ 149 റണ്‍സില്‍ ഒതുങ്ങി.കിവീസിനായി ട്രെന്‍റ് ബോള്‍ട്ട് 16 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി. ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസിന് 20 റണ്‍സെടുക്കുന്നതിനിടെ ഡെവണ്‍ കോണ്‍വേയെ (അഞ്ച്) നഷ്ടമായി. പിന്നീട് ഫിൻ അലൻ (26) ഒരറ്റത്ത് പോരാടിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. രചിൻ രവീന്ദ്ര (10), നായകൻ കെയ്ൻ വില്യംസണ്‍ (പൂജ്യം), ഡാരില്‍ മിച്ചല്‍ (12), ജയിംസ് നീഷാം (10) എന്നിവർ വന്നപോലെ മടങ്ങി.ഒരു ഘട്ടത്തില്‍ അഞ്ചിന് 63 എന്ന നിലയില്‍ പ്രതിസന്ധിയിലായ കിവീസിനെ നൂറുകടത്തിയത് ഗ്ലെൻ ഫിലിപ്സിന്‍റെ (40) ഒറ്റയാള്‍ പോരാട്ടമാണ്. സ്കോർ 108 റണ്‍സില്‍ നില്ക്കെ ഫിലിപ്സും വീണതോടെ കിവീസ് തോല്‍വി മുന്നില്‍കണ്ടു. അവസാന ഓവറില്‍ ആഞ്ഞടിച്ച മിച്ചല്‍ സാന്‍റ്നർ മൂന്ന് സിക്സർ പറത്തിയെങ്കിലും വിജയം അകന്നുനിന്നു.