ബംഗ്ലാദേശ്-ദക്ഷിണാഫ്രിക്ക മത്സരം വിവാദത്തില്‍; അംപയര്‍മാരെ പഴിച്ച് ബംഗ്ലാദേശ് താരങ്ങളും ആരാധകരും
വാശിയേറിയ പോരാട്ടത്തില്‍ നാല് റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടാന്‍ സാധിച്ചത് 109 റണ്‍സ് മാത്രം. നാല് റണ്‍സ് തോല്‍വിയില്‍ അംപയര്‍മാരെ പിഴയ്ക്കുകയാണ് ബംഗ്ലാദേശ് താരങ്ങളും ആരാധകരും.ലെഗ് ബൈ ആയി ലഭിക്കേണ്ട നാല് റണ്‍സ് അംപയര്‍ തങ്ങള്‍ക്ക് അനുവദിക്കാതിരുന്നത് മനപ്പൂര്‍വ്വമാണെന്ന് ബംഗ്ലാദേശ് കുറ്റപ്പെടുത്തുന്നു. അംപയര്‍മാര്‍ അനുവദിക്കാതിരുന്ന ലെഗ് ബൈ ഫോര്‍ കൂടി ലഭിച്ചിരുന്നെങ്കില്‍ തങ്ങള്‍ ജയിച്ചേനെ എന്നാണ് താരങ്ങളും ആരാധകരും പറയുന്നത്. ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ 17-ാം ഓവറിലാണ് വിവാദ സംഭവം. ഫാസ്റ്റ് ബൗളര്‍ ആറ്റ്‌നിയല്‍ ബാര്‍ട്ട്മന്‍ ആണ് ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 17-ാം ഓവര്‍ എറിഞ്ഞത്. ബംഗ്ലാദേശ് താരം മഹ്‌മദുള്ളയായിരുന്നു ക്രീസില്‍. ഈ ഓവറിലെ രണ്ടാം പന്ത് മഹ്‌മദുള്ളയുടെ പാഡില്‍ തട്ടുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ എല്‍ബിഡബ്‌ള്യുവിനായി അപ്പീല്‍ ചെയ്യുകയും അംപയര്‍ ഔട്ട് അനുവദിക്കുകയും ചെയ്തു.
മഹ്‌മദുള്ളയുടെ പാഡില്‍ തട്ടിയ പന്ത് അപ്പോഴേക്കും ബൗണ്ടറി കടന്നിരുന്നു. അംപയറുടെ തീരുമാനം റിവ്യു ചെയ്യാന്‍ മഹ്‌മദുള്ള തീരുമാനിച്ചു. റിവ്യു സിസ്റ്റത്തില്‍ പരിശോധിച്ചപ്പോള്‍ ബോള്‍ ലെഗ് സ്റ്റംപിനു പുറത്തേക്കാണ് പോകുന്നതെന്നും ഔട്ടല്ലെന്നും വ്യക്തമായി. എന്നാല്‍ അംപയര്‍ ലെഗ് ബൈ ഫോര്‍ അനുവദിച്ചതുമില്ല. ഇതാണ് ബംഗ്ലാദേശിനെ പ്രകോപിപ്പിച്ചത്. ഔട്ട് അല്ലാത്തതിനാല്‍ ലെഗ് ബൈ ഫോര്‍ വേണമെന്നായിരുന്നു ബംഗ്ലാദേശിന്റെ ആവശ്യം. എന്നാല്‍ അംപയര്‍ ഔട്ട് വിളിച്ച സമയത്ത് തന്നെ ബോള്‍ ഡെഡ് ആയെന്നും അതിനാല്‍ ലെഗ് ബൈ റണ്‍സ് അനുവദിക്കാന്‍ സാധിക്കില്ലെന്നും അംപയര്‍മാര്‍ ഉറപ്പിച്ചു പറഞ്ഞു. തങ്ങളെ തോല്‍പ്പിക്കാന്‍ ദക്ഷിണാഫ്രിക്ക എത്ര രൂപ തന്നു എന്നാണ് അംപയര്‍മാരെ പരിഹസിച്ച് ബംഗ്ലാദേശ് ആരാധകര്‍ ഐസിസിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ചോദിക്കുന്നത്.