ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ സമഗ്ര വെടിനിർത്തൽ; അമേരിക്കൻ പ്രമേയം യു.എൻ രക്ഷാസമിതി പാസാക്കി

ദുബൈ:ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തലിനു ആഹ്വാനം ചെയ്യുന്ന അമേരിക്കൻ പ്രമേയം യു.എൻ രക്ഷാസമിതി പാസാക്കി .ഇതാദ്യമായാണ് ഗസ്സയില്‍ വെടിനിർത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം രക്ഷാസമിതിയില്‍ പാസാകുന്നത്. പ്രമേയം ഹമാസ് സ്വാഗതം ചെയ്തു. പ്രമേയത്തെ പിന്തുണച്ച്‌ ലോകരാജ്യങ്ങള്‍ രംഗത്തെത്തി.പതിനഞ്ചംഗ രക്ഷാസമിതിയില്‍ അമേരിക്കൻ പ്രമേയത്തെ പിന്തുണച്ച്‌ ചൈന ഉള്‍പ്പെടെ 14 രാജ്യങ്ങള്‍ രംഗത്തുവന്നു. റഷ്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എട്ടു മാസം പിന്നിട്ട, 37,000ത്തില്‍ അധികം പേരുടെ മരണത്തിനിടയാക്കിയ ഗസ്സ യുദ്ധം അടിയന്തരമായും ഉപാധികളില്ലാതെയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് അമേരിക്ക കൊണ്ടുവന്ന പ്രമേയം. അള്‍ജീരിയ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ അവതരിപ്പിച്ച വെടിനിർത്തല്‍ പ്രമേയങ്ങള്‍ വീറ്റോ അധികാരം ഉപയോഗിച്ച്‌ അമേരിക്ക ഇതുവരെയും പരാജയപ്പെടുത്തുകയായിരുന്നു.സിവിലിയൻ കുരുതിക്ക് അറുതി വരുത്താൻ എല്ലാ ബന്ദികളെയും മോചിപ്പിച്ച്‌ അടിയന്തര വെടിനിർത്തലിന് തയാറാകണമെന്ന് യു.എൻ രക്ഷാ സമിതിയില്‍ അമേരിക്ക ആവശ്യപ്പെട്ടു. മൂന്നു ഘട്ടങ്ങളിലായി സമഗ്ര വെടിനിർത്തലിന് കളമൊരുക്കുന്ന നിർദേശം ഇസ്രായേല്‍ അംഗീകരിച്ചതായും അമേരിക്കൻ അംബാസഡർ വെളിപ്പെടുത്തി. സമഗ്ര വെടിനിർത്തല്‍ നിർദേശം സ്വാഗതം ചെയ്ത ഹമാസ് മധ്യസ്ഥ രാജ്യങ്ങളുമായി ചേർന്ന് നടപടിക്രമങ്ങള്‍ ചർച്ച ചെയ്യുമെന്നും അറിയിച്ചു.

പ്രായോഗിക തലത്തില്‍ വെടിനിർത്തല്‍ നിർദേശം നടപ്പാക്കുന്നത് സംബന്ധിച്ച്‌ ഖത്തറും ഈജിപ്തും ഹമാസ് നേതൃത്വവുമായി ഉടൻ ചർച്ച നടത്തും എന്നാണ് റിപ്പോർട്ട്.യൂറോപ്യൻ യൂനിയനും അറബ്, മുസ്ലിം രാജ്യങ്ങളും യു.എൻ രക്ഷാസമിതി പ്രമേയത്തെ സ്വാഗതം ചെയ്തു. എത്രയും പെട്ടെന്ന് വെടിനിർത്തല്‍ യാഥാർഥ്യമാക്കണമെന്ന് യൂറോപ്യൻ യൂനിയൻ ആവശ്യപ്പെട്ടു. അതേസമയം, അമേരിക്കയുടെ വെടിനിർത്തല്‍ നിർദേശം സംബന്ധിച്ച്‌ പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാൻ വിസമ്മതിക്കുകയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തെല്‍ അവീവില്‍ എത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിൻകൻ നെതന്യാഹു ഉള്‍പ്പെടെ നേതാക്കളുമായി യു.എൻ പ്രമേയം നടപ്പാക്കുന്നതിനെക്കുറിച്ച്‌ ഇന്ന് ചർച്ച നടത്തും.ഇന്നലെ നെതന്യാഹുവുമായി ആൻറണി ബ്ലിൻകൻ യുദ്ധാനന്തര ഗസ്സയുടെ ഭാവിയെക്കുറിച്ച്‌ പ്രത്യേകം ചർച്ച നടത്തി. ഹിസ്ബുല്ലക്കെതിരെ വ്യാപക ആക്രമണം നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ബ്ലിൻകൻ നിർദേശിച്ചതായി അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അതിനിടെ, ബെന്നി ഗാന്റ്സ്, ഗാഡി ഐസൻകോട്ട് എന്നീ മന്ത്രിമാരുടെ രാജി നെതന്യാഹു സർക്കാറിന് വൻതിരിച്ചടിയായി. സമവായനീക്കങ്ങള്‍ പരാജയപ്പെട്ടതോടെ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ആശങ്കയിലാണ് നെതന്യാഹു.

Sharing

Leave your comment

Your email address will not be published. Required fields are marked *