നിയമസഭ സമ്മേളനം ഇന്നു മുതല്‍ ; ബാര്‍ കോഴയില്‍ അടിയന്തര പ്രമേയം
പതിനഞ്ചാം നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സഭാ സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ ബാര്‍കോഴ വിവാദം സഭയില്‍ ഉന്നയിച്ച് സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം. സഭയ്ക്ക് അകത്തും പുറത്തും വിഷയം ആളിക്കത്തിക്കാനാണ് തീരുമാനം.നാളെ നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ യുഡിഎഫ് നേതൃത്വത്തിലും നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.
ഇന്ന് തദ്ദേശ വാര്‍ഡ് വിഭജന ബില്‍ സഭയില്‍ അവതരിപ്പിക്കും.ബില്ലിനെ എതിര്‍ക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. രാവിലെ ചോദ്യോത്തരവേളക്ക് ശേഷം അംഗങ്ങളുടെ ഫോട്ടോ സെഷന് ഉണ്ടായിരിക്കും. അതിന് ശേഷമാകും സീറോ അവര്‍. ആദ്യ ദിനം അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടെങ്കിലും ഇത് പ്രതിപക്ഷം സമ്മതിച്ചില്ല. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചില്ലെങ്കില്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ തയ്യാറല്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.ജൂലൈ 25 നാണ് സഭാ സമ്മേളനം അവസാനിക്കുക. ആകെ 28 ദിവസമാണ് സഭ സമ്മേളിക്കുക.