
കുഫോസ് വി.സി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല
ന്യൂഡല്‍ഹി: കേരള ഫിഷറീസ് സര്‍വ്വകലാശാല (കുഫോസ്) വെെസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.മുന്‍ വൈസ് ചാന്‍സലര്‍ ഡോ. റിജി ജോണ്‍ നല്‍കിയ ഹരജിയില്‍ ചാന്‍സലര്‍ക്കും യു.ജി.സിക്കും കോടതി നോട്ടീസയച്ചു. കേസിലെ കക്ഷികളുടെ വിശദമായ സത്യവാങ്മൂലം പരിശോധിച്ച ശേഷം കേസിലേക്ക് കടക്കാമെന്നാണ് കോടതി പറഞ്ഞത്.
2018-ലെ യു.ജി.സി ചട്ടപ്രകാരം രൂപീകരിക്കാത്ത സെര്‍ച്ച് കമ്മിറ്റിയാണ് റിജി ജോണിനെ വൈസ് ചാന്‍സലര്‍ ആയി നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നിയമനം റദ്ദാക്കിയത്. എന്നാല്‍ ഭരണഘടനയുടെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ട് പ്രകാരം കാര്‍ഷിക വിദ്യാഭ്യാസവും, ഗവേഷണവും സംസ്ഥാന ലിസ്റ്റില്‍ പെട്ടവയാണ്. അതിനാല്‍ ഫിഷറീസ് സര്‍വകലാശാലക്ക് യു.ജി.സി ചട്ടം ബാധകമല്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം.