65 കഴിഞ്ഞവര്‍ക്ക് ഫ്ലൂ വാക്‌സിന്‍, പോളിയോ കുത്തിവയ്പ്പ് പതിനെട്ടാം മാസം; വിദഗ്ധ സമിതി ശുപാര്‍ശ
തിരുവനന്തപുരം: വികസിത രാജ്യങ്ങളുടെ മാതൃകയില്‍, 65 വയസ്സ് കഴിഞ്ഞവര്‍ക്ക് എല്ലാ വര്‍ഷവും ഫ്ലൂ വാക്‌സിന്‍ കേരളത്തിലും നിര്‍ബന്ധമാക്കണമെന്ന് പുതിയ വാക്‌സിന്‍ നയരൂപീകരണ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു.
ഇതുള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ ഡോ.ബി ഇക്ബാല്‍ അധ്യക്ഷനായ സമിതി ആരോഗ്യവകുപ്പിനു കൈമാറി.
മുഖ്യമന്ത്രിക്കു കൈമാറിയ ശേഷം ഇതില്‍ ഏതൊക്കെയാണ് വാക്‌സിന്‍ നയത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്നത് വീണ്ടും ചര്‍ച്ച ചെയ്യും. പുതിയ സാഹചര്യത്തില്‍ ശ്വാസകോശ അണുബാധയും ഇന്‍ഫ്ലുവന്‍സയും കൂടുതലായി കണ്ടുവരുന്നതിനാലാണ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഫ്ലൂ വാക്സിന്‍ നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. നയം പ്രഖ്യാപിച്ച ശേഷമാകും തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സിന്‍ നിര്‍മാണം തുടങ്ങുക.
ഘട്ടംഘട്ടമായി നടപ്പാക്കേണ്ട കുത്തിവയ്പ്പുകളെക്കുറിച്ചും ശുപാര്‍ശയുണ്ട്. മുണ്ടിനീരിന് എംആര്‍ വാക്‌സിനു പകരം എംഎംആര്‍ വാക്‌സിന്‍ നല്‍കണം. വില്ലന്‍ചുമ പ്രതിരോധത്തിന് 10 വയസ്സില്‍ നല്‍കുന്ന ടിഡി വാക്‌സിന്‍ ടിഡാപ് ആക്കണം. പോളിയോ വാക്‌സീന്‍ കുത്തിവയ്പ് 18ാം മാസം നല്‍കണം. ഹോട്ടല്‍ പാചകത്തൊഴിലാളികള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്കും ഹെപ്പറ്റൈറ്റിസ് എ എന്ററിക്ക് ഫീവര്‍ വാക്‌സിന്‍ നല്‍കണമെന്നും മൃഗ ചികിത്സകര്‍, പട്ടികളെ വളര്‍ത്തുന്നവര്‍ എന്നിവര്‍ക്ക് പേവിഷ പ്രതിരോധ വാക്‌സിന്‍ നല്‍കണമെന്നും ശുപാര്‍ശയുണ്ട്.
പേപ്പട്ടി വിഷബാധ കൂടുതലായി കാണുന്ന പ്രദേശങ്ങളില്‍ കുട്ടികള്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കണം. എച്ച് 1 എന്‍ 1രോഗം കൊണ്ടുള്ള മരണ സാധ്യതകള്‍ കുറയ്ക്കുന്നതിന് ഗര്‍ഭിണികള്‍ക്ക് ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ നല്‍കണം. സ്‌കൂള്‍ പ്രവേശന സമയത്ത് എല്ലാ കുട്ടികളുടെയും വാക്‌സിനേഷന്‍ സ്ഥിതി വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്.
അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരുടെ പരിശോധനാ ചെലവുകളും വാക്‌സിനേഷന്‍ ചെലവുകളും കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷന്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സംവിധാനം വേണമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.