നേപ്പാളില്‍ വിധിയെഴുതി ജനം;ഫലം ഡിസംബര്‍ എട്ടിന്
കാഠ്മണ്ഡു: കനത്ത സുരക്ഷാക്രമീകരണങ്ങളുടെ അകമ്പടിയില്‍ നേപ്പാള്‍ പാര്‍ലമെന്റിലേക്കും പ്രവിശ്യ അസംബ്ലികളിലേക്കും ഞായറാഴ്ച വോട്ടെടുപ്പ് നടത്തി.22,000 പോളിങ് സ്റ്റേഷനുകളില്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ പൗരന്മാര്‍ വോട്ടുചെയ്തു. ഞായറാഴ്ച വൈകീട്ട് രാത്രിതന്നെ വോട്ടെണ്ണല്‍ ആരംഭിച്ചെങ്കിലും ഫലപ്രഖ്യാപനത്തിന് ഡിസംബര്‍ എട്ടുവരെ കാത്തിരിക്കണം.
867 സ്വതന്ത്രര്‍ ഉള്‍പ്പെടെ 2412 സ്ഥാനാര്‍ഥികളാണ് 275 അംഗ പാര്‍ലമെന്റിലേക്കു മത്സരിച്ചത്. നേപ്പാളി കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് സെന്റര്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി മാവോയിസ്റ്റ് യൂനിഫൈഡ് സോഷ്യലിസ്റ്റ്, ലോക് താന്ത്രിക് സമാജ്‍വാദി പാര്‍ട്ടി എന്നിവ ഉള്‍പ്പെടുന്ന ഭരണസഖ്യവും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂനിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്), രാഷ്ട്രീയ പ്രചാതന്ത്ര പാര്‍ട്ടി, ജനത സമാജ്‍വാദി പാര്‍ട്ടി എന്നിവ ഉള്‍പ്പെടുന്ന പ്രതിപക്ഷ സഖ്യവും തമ്മിലാണ് പ്രധാന മത്സരം.