അരുണ്‍ ഗോയല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍
ന്യൂഡല്‍ഹി: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു.
നിയമനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. 1985 ബാച്ച് പഞ്ചാബ് കേഡര്‍ ഐഎഎസ് ഓഫീസറാണ് അരുണ്‍ ഗോയല്‍.ഇന്നലെ വൈകീട്ടാണ് അരുണ്‍ ഗോയലിനെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങിയത്. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര കഴിഞ്ഞ മെയില്‍ വിരമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആറുമാസമായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒരംഗത്തിന്റെ ഒഴിവ് നിലനില്‍ക്കുകയായിരുന്നു.
ഈ ഒഴിവിലേക്കാണ് അരുണ്‍ ഗോയലിനെ നിയമിച്ചത്. ഡിസംബറില്‍ ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അരുണ്‍ ഗോയലിനെ പുതിയ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചിരിക്കുന്നത്.കേന്ദ്രസര്‍ക്കാരിന് കീഴില്‍ ഘന വ്യവസായം, സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022 ഡിസംബര്‍ 31 വരെ അരുണ്‍ ഗോയലിന് കാലാവധി ഉണ്ടായിരുന്നെങ്കിലും, നവംബര്‍ 18 ന് വോളണ്ടറി റിട്ടയര്‍മെന്റ് സ്വീകരിക്കുകയായിരുന്നു.
2027 ഡിസംബര്‍ വരെ അരുണ്‍ ഗോയലിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമായി പ്രവര്‍ത്തനകാലാവധിയുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, അനൂപ് ചന്ദ്ര പാണ്ഡെ എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ നിലവിലെ മറ്റംഗങ്ങള്‍.